കണ്ണൂർ : ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ തീവയ്പ് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് സംഘം കൊൽക്കത്തയിൽ. കണ്ണൂർ സിറ്റി ഇൻസ്‌പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊൽക്കത്തയിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള ബംഗാൾ സ്വദേശിയെ കുറിച്ച് അന്വേഷിക്കാനാണ് കേരളത്തിൽ നിന്നുള്ള പൊലീസ് സംഘം കൊൽക്കത്തയിലെത്തിയത്.
കസ്റ്റഡിയിലുള്ള ബംഗാൾ സ്വദേശിയുടെ അറസ്റ്റ് ഉടനുണ്ടായേക്കും. ഭിക്ഷ എടുക്കാൻ സമ്മതിക്കാത്തതിലുള്ള വിരോധം കാരണമാണ് ട്രെയിൻ ബോഗിക്ക് തീ വെച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് പ്രകോപനം ഉണ്ടാക്കിയതെന്നും പ്രതി വെളിപ്പെടുത്തിയതായാണ് വിവരം. ഇത് ശരിയാണോ പ്രതിക്ക് മറ്റ് തീവ്രവാദ ബന്ധങ്ങളെന്തെങ്കിലുമുണ്ടോ എന്നതടക്കം അന്വേഷിക്കാനാണ് കേരളാ സംഘം ബംഗാളിലെത്തിയത്. കസ്റ്റഡിയിലുള്ളയാൾ മുമ്പ് റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടിന് മുമ്പ് തീയിട്ടയാളാണ്. റെയില്‍വേ അധികൃതര്‍ പൊലീസില്‍ പരാതി അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. കുറ്റിക്കാട്ടിന് തീയിട്ട ശേഷം ട്രാക്കിലേക്ക് കടന്ന് ഉടുമുണ്ട് കത്തിച്ചെറിഞ്ഞാണ് ഇയാള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്.
എലത്തൂര്‍ തീവെപ്പ് കേസില്‍ കണ്ണൂര്‍ റയില്‍ വേ സ്റ്റേഷനിലടക്കം ജാഗ്രത പുലര്‍ത്തണമെന്ന നിർദ്ദേശം നല്‍കിയിരുന്നെങ്കിലും കാര്യമായ സുരക്ഷ ഉണ്ടായിരുന്നില്ലെന്നും ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഔട്ടര്‍ ട്രാക്കിനോട് ചേര്‍ന്ന സ്ഥലം കാടു കയറി കിടക്കുകയാണ്. രാത്രിയായാൽ ഈ പ്രദേശത്ത് ലഹരി മാഫിയയും തമ്പടിക്കുന്നതായി പരാതിയുണ്ട്. സുരക്ഷാ മതിലുകളില്ലാത്തതിനാല്‍ ആര്‍ക്കും ഈ വഴി റയില്‍വേ സ്റ്റേഷന്‍റെ അകത്തേക്ക് കടക്കാമെന്ന അവസ്ഥയാണുള്ളത്.
إرسال تعليق