കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല. അദ്ദേഹം എറണാകുളത്ത് ആശുപത്രിയില്‍ തുടരും. കൊല്ലത്തുള്ള പിതാവിനെ കാണാന്‍ ഇപ്പോള്‍ പോകില്ല. യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചു. മഅദനിയുടെ ചികില്‍സ കേരളത്തില്‍ തന്നെ നടത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പിഡിപിയും അദ്ദേഹത്തിന്റെ കുടുംബവും ആവശ്യപ്പെട്ടു.
മഅദനിയുടെ കിഡ്‌നിയുടെ പ്രവര്‍ത്തന ശേഷി കുറഞ്ഞ നിലയില്‍ തുടരുകയാണ്. രക്ത സമ്മര്‍ദ്ദവും ക്രമാതീതമാണ്. മഅദനിയുടെ ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് കുടുംബവും പാര്‍ട്ടിയും സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചു. കേരളത്തില്‍ മെച്ചപ്പെട്ട ചികില്‍സ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നു മകന്‍ സലാഹുദ്ദീന്‍ അയ്യൂബി ആവശ്യപ്പെട്ടു.
മഅദനിക്ക് ഇതിനേക്കാള്‍ വലിയ ശാരീരിക പ്രയാസങ്ങള്‍ ബെംഗളൂരുവില്‍ നേരിട്ടിരുന്നു. അന്ന് കൂടെ ആളില്ലാത്ത പ്രതിസന്ധിയുമുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ ഇക്കാര്യത്തില്‍ വലിയ ആശ്വാസമാണ്. കേരളത്തില്‍ മികച്ച ചികില്‍സ ലഭ്യമാകുമെന്ന ഉറപ്പുണ്ട്. കൊല്ലത്തേക്കുള്ള യാത്ര, ജാമ്യ വ്യവസ്ഥയിലെ ഇളവ് തുടങ്ങിയ കാര്യങ്ങള്‍ നിയമ-ആരോഗ്യ വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു.
കിഡ്‌നിയുടെ പ്രവര്‍ത്തന ശേഷി മെച്ചപ്പെടുന്നത് വരെ മഅദനിക്ക് യാത്ര അസാധ്യമാണ്. കൊല്ലത്തേക്കുള്ള യാത്ര ഇപ്പോള്‍ സാധ്യമല്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം മഅദിനെ സന്ദര്‍ശിക്കണമെന്ന് പിഡിപി ആശ്യപ്പെട്ടു. ശേഷം മഅദനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് സര്‍ക്കാര്‍ പ്രസ്താവന ഇറക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു.
അതേസമയം, മഅദനിയുടെ പിതാവിനെ കൊച്ചിയിലെത്തിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. അസുഖ ബാധിതനായ പിതാവിനെ കാണാനാണ് ബെംഗളൂരുവില്‍ ജാമ്യത്തില്‍ കഴിയുന്ന മഅദനി തിങ്കളാഴ്ച രാത്രി കേരളത്തിലെത്തിയത്. കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ആംബുലന്‍സില്‍ കൊല്ലത്തേക്ക് പുറപ്പെടവെ ആരോഗ്യനില വഷളാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
പിതാവിനെ കാണണം, ചികില്‍സ നടത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് മഅദനിക്ക് നാട്ടിലേക്ക് വരാനുള്ള വഴിതെളിഞ്ഞത്. എന്നാല്‍ ഇതിന്റെ ചെലവിനത്തില്‍ 60 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കാന്‍ കര്‍ണാടക പോലീസ് ആവശ്യപ്പെട്ടതോടെ യാത്ര അനിശ്ചിതത്വത്തിലായി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെയാണ് തുകയില്‍ ഇളവ് ലഭിച്ചതും യാത്ര സാധ്യമായതും.
إرسال تعليق