Join News @ Iritty Whats App Group

സമയം തീരുന്നു, ഓക്‌സിജനും...ടൈറ്റന്‍ യാത്രികരുടെ ജീവന്‍ തുലാസില്‍



ന്യൂയോര്‍ക്ക്‌: ആഡംബരക്കപ്പല്‍ ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങള്‍ കാണാന്‍ കോടികള്‍ മുടക്കി പുറപ്പെട്ട കോടീശ്വര സംഘം അറ്റ്‌ലാന്റിക്‌ സമുദ്രത്തിന്റെ അടിത്തട്ടില്‍ ജീവനായുള്ള പോരാട്ടത്തില്‍. ഇന്ന്‌ ഉച്ചയ്‌ക്ക്‌ 1.30 വരെ ഉപയോഗിക്കാനുള്ള ഓക്‌സിജനേ അന്തര്‍വാഹിനിയിലുള്ളൂ. അതിനുള്ളില്‍ രക്ഷാപ്രവര്‍ത്തനം യാഥാര്‍ഥ്യമായില്ലെങ്കില്‍ സമുദ്രോപരിതലത്തില്‍നിന്ന്‌ ടൈറ്റന്‍ അന്തര്‍വാഹിനിയില്‍ 12,500 അടി താഴ്‌ചയിലേക്കു കുതിച്ച സംഘം കടലിനടിത്തട്ടില്‍ ശ്വാസംമുട്ടി മരിക്കും.
കറാച്ചി ആസ്‌ഥാനമായുള്ള എന്‍്രഗോഎന്ന ബിസിനസ്‌ സാമ്രാജ്യത്തിന്റെ അധിപന്‍ ഷെഹ്‌സാദാ ദാവൂദ്‌(48), മകന്‍ സുലേമാന്‍(19) എന്നിവര്‍ അപകടത്തില്‍പ്പെട്ട അന്തര്‍വാഹിനിയിലുണ്ടായിരുന്നതായി സ്‌ഥിരീകരിച്ചിട്ടുണ്ട്‌. ബ്രിട്ടിഷ്‌ വ്യവസായി ഹാമിഷ്‌ ഹാര്‍ഡിങ്‌(58), പ്രശസ്‌ത ഫ്രഞ്ച്‌ ഡൈവര്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റ്‌, ഓഷ്യന്‍ഗേറ്റ്‌ എക്‌സ്‌പെഡിഷന്‍സ്‌ എന്ന കമ്പനിയുടെ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ സ്‌റ്റോക്‌ടന്‍ റഷ്‌ എന്നിവരാണ്‌ അന്തര്‍വാഹിനിയിലുള്ള മറ്റു മൂന്നു പേരെന്നാണു സൂചന. 96 മണിക്കൂര്‍ കടലില്‍ കഴിയാനുള്ള ഓക്‌സിജനാണ്‌ അന്തര്‍വാഹിനിയിലുള്ളത്‌. അത്‌ ഇന്ന്‌ ഉച്ചയ്‌ക്ക്‌ 1.30ന്‌ തീരും. ഓക്‌സിജന്‍ തീരുംമുമ്പ്‌ യാത്രികരെ രക്ഷിക്കാനുള്ള ശ്രമമാണു നടക്കുന്നത്‌.
ഓഷ്യന്‍ഗേറ്റ്‌ എക്‌സ്‌പെഡിഷന്‍സ്‌ എന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്‌ഥതയിലുള്ളതാണു ടൈറ്റന്‍ അന്തര്‍വാഹിനി. ഞായറാഴ്‌ചയാണ്‌ ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങള്‍ കാണാനായി അഞ്ച്‌ യാത്രികരുമായി അന്തര്‍വാഹിനി യാത്ര തിരിച്ചത്‌. രണ്ടു മണിക്കൂറിനുള്ളില്‍ അന്തര്‍വാഹിനിയുമായുള്ള ബന്ധം നഷ്‌ടപ്പെടുകയായിരുന്നു. ബഹിരാകാശ യാത്ര വരെ നടത്തിയിട്ടുള്ള വ്യക്‌തിയാണു ഹാമിഷ്‌ ഹാര്‍ഡിങ്‌.
സൈനിക വിമാനങ്ങളും അന്തര്‍വാഹിനികളും കടലിനടിയില്‍ പരിശോധന നടത്തുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങളും രക്ഷാപ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കുന്നുണ്ട്‌.
കാനഡയിലെ ന്യൂഫൗണ്ട്‌ലാന്‍ഡില്‍നിന്ന്‌ ഏകദേശം 6,000 കിലോമീറ്റര്‍ അകലെയാണ്‌ ടൈറ്റാനിക്‌ മുങ്ങിയ സ്‌ഥലം. അതിന്റെ അവശിഷ്‌ടങ്ങള്‍ കാണുന്നതിനായി പ്രത്യേകം നിര്‍മിച്ച അന്തര്‍വാഹിനികള്‍ ഉപയോഗിച്ചു തുടങ്ങിയിട്ട്‌ അധിക കാലമായിട്ടില്ല. കോടീശ്വരന്‍മാരായ വിനോദസഞ്ചാരികളും സമുദ്ര വിഷയങ്ങളില്‍ താല്‍പര്യമുള്ള വിദഗ്‌ധരും ഗവേഷകരുമാണ്‌ ഈ സൗകര്യം പ്രയോജനപ്പെടുത്താറുള്ളത്‌. ഒരാള്‍ക്ക്‌ 2.5 ലക്ഷം യു.എസ്‌. ഡോളറാണ്‌ (രണ്ടു കോടിയിലധികം ഇന്ത്യന്‍ രൂപ) ഇതിനു ചെലവു വരിക.

Ads by Google

Post a Comment

أحدث أقدم
Join Our Whats App Group