തിരുവനന്തപുരം: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് പ്രിയ വർഗീസിന് അനുകൂലമായ കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതിവിധിയെക്കുറിച്ച് വിശദീരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം താൻ ജുഡീഷ്യറിയെ ബഹുമാനിക്കുന്നയാളാണെന്നും വ്യക്തമാക്കി. താൻ കോടതി വിധിയിൽ സന്തുഷ്ടനാണോ അല്ലയോ എന്നുള്ള കാര്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മാധ്യമപ്രവർത്തകരുടെ ഭാഗത്ത് നിന്നുയർന്ന ചോദ്യങ്ങളോട് കുപിതനായാണ് അദ്ദേഹം പ്രതികരിച്ചത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എംപിയുമായ കെകെ രാഗേഷിന്‍റെ ഭാര്യയാണ് പ്രിയ വർഗീസ്. നിയമനം രാഷ്ട്രീയ പ്രേരിതമാണെന്നും സ്വജന പക്ഷപാതമാണെന്നും കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 2022ൽ നിയമനം തടഞ്ഞിരുന്നു. ഗവർണ്ണർ സർക്കാർ പോര് രൂക്ഷമാകുന്നതും ഈ നടപടികൾക്ക് പിന്നാലെയാണ്. നിയമനത്തിൽ ഡിവിഷൻ ബഞ്ച് ഉത്തരവ് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് കണ്ണൂർ സർവകലാശാല വ്യക്തമാക്കി.
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ഡോ പ്രിയാ വർഗീസിന് അനുകൂലമായാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് ഉത്തരവിട്ടത്. പ്രിയക്ക് നിയമനം നൽകിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. നീതിപീഠത്തിൽ നിന്ന് നീതി ലഭിച്ചുവെന്ന് പ്രിയാ വർഗീസ് പ്രതികരിച്ചു.
കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ഒന്നാം റാങ്ക് നേടിയ പ്രിയ വർഗീസിന് തിരിച്ചടിയായത് 2022 നവംബർ 17ലെ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവായിരുന്നു. യോഗ്യതയായി എട്ട് വർഷം അധ്യാപന പരിചയം വേണമെന്നിരിക്കെ തന്‍റെ ഗവേഷണ കാലവും, നാഷണൽ സർവീസ് സ്കീമിലെ ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവീസിലെ പ്രവർത്തന കാലവും അധ്യാപന പരിചയമായി പ്രിയ ഉൾപ്പെടുത്തിയിരുന്നു. ഇതാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബഞ്ച് 2022ൽ തള്ളിയത്. വിധിക്കെതിരെ പ്രിയാ വർഗീസ് നൽകിയ അപ്പീൽ ഹർജിയിലാണ് ജസ്റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബഞ്ച് അനുകൂല വിധി പുറപ്പെടുവിച്ചത്.
ഒരു അധ്യാപികയുടെ പിഎച്ച്ഡി കാലവും, ഡെപ്യുട്ടേഷനും അധ്യാപന പരിചയമായി കാണാൻ കഴിയുമോ എന്നതാണ് പ്രിയാ വർഗീസിന്‍റെ നിയമനത്തിൽ ഏറ്റവും പ്രധാനമായി ചർച്ച ചെയ്യപ്പെട്ടത്. ഗവേഷണവും, വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ പദ്ധതികളുടെ ഭാഗമാകുന്നതും അധ്യാപന പരിചയത്തിൽ നിന്നും മാറ്റി നിർത്തേണ്ടതല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഇത് ആശങ്കപ്പെടുത്തുന്നുവെന്ന് ഡോ ജോസഫ് സ്കറിയ പ്രതികരിച്ചു.
അധ്യാപികയുടെ എൻഎസ്എസ് ചുമതലയും ഗവേഷണ കാലയളവും അധ്യാപന പരിചയമല്ലെന്ന് കണ്ടെത്തുന്നതിന് മുൻപ്, യുജിസി അംഗീകൃത ഗവേഷണ പ്രോഗ്രാമുകൾ ഏതൊക്കെയെന്ന് സിംഗിൾ ബഞ്ച് വിലയിരുത്തണമായിരുന്നു എന്ന് ഡിവിഷൻ ബഞ്ച് ഉത്തരവിൽ പറയുന്നു. കോടതി നടപടികൾക്കിടെ ജഡ്ജിമാരുടെ വാക്കാലുള്ള നിരീക്ഷണങ്ങൾ പലതും അന്തിമ വിധിയിൽ വാദി വിജയിക്കുന്ന ഘട്ടത്തിൽ അസാധുവാകുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ജഡ്ജിമാരുടെ പരാമർശങ്ങൾ വാദികൾക്കെതിരെ വാർത്തയാക്കുന്നതിനോട് വിയോജിച്ചു. ഇതിൽ പെരുമാറ്റ ചട്ടം രൂപപ്പെടുത്തണമെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
إرسال تعليق