തിരുവനന്തപുരം: തിരുവനന്തപുരം വടശ്ശേരികോണത്ത് മകളുടെ വിവാഹ തലേന്ന് അച്ഛനെ കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. നാല് പ്രതികളും ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ വൈദ്യപരിശോധന ഫലം കിട്ടേണ്ടതുണ്ട്. പരിക്കേറ്റ ശ്രീലക്ഷ്മിയുടെ അടക്കം കൂടുതൽ ആളുകളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് വീട്ടിൽ വെച്ചുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മകൾ ശ്രീലക്ഷ്മി വിവാഹ അഭ്യർത്ഥന നിരസിച്ചതിലുള്ള പക കൊണ്ട് അയൽവാസിയായ ജിഷ്ണുവും സംഘവുമാണ് ക്രൂരമായ കൊല നടത്തിയത്. ഇന്നലെ പുലർച്ചെയായിരുന്നു ദാരുണ സംഭവം. വിവാഹത്തലേന്നത്തെ ആഘോഷ പാർട്ടി തീർന്നതിന് പിന്നാലെയായിരുന്നു ജിഷ്ണുവും സംഘവുമെത്തിയത്. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ച് ബഹളം ഉണ്ടാക്കി, പിന്നാലെ ശ്രീലക്ഷ്മിയെയും വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെയും ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച രാജുവിനെ മൺവെട്ടി കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി.
പരിക്കേറ്റ രാജുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും സംഘം പിന്നാലെപോയി. രാജു മരിച്ചതോടെ ഇവർ മുങ്ങുകയായിരുന്നു. ആശുപത്രിക്ക് സമീപത്തുള്ള ബാങ്കിന്‍റെ പരിസരത്ത് നിന്നാണ് പ്രതികളായ ജിഷ്ണു, ജിജിൻ, ശ്യാം, മനു എന്നിവരെ പിടൂകൂടിയത്. രണ്ട് വർഷം മുമ്പായിരുന്നു ജിഷ്ണു ശ്രീലക്ഷ്മിയോട് വിവാഹ അഭ്യർത്ഥന നടത്തിയത്. ഒറ്റക്കെത്തിയും കുടുംബാംഗങ്ങൾക്കൊപ്പമെത്തിയും മൂന്ന് തവണയായിരുന്നു അഭ്യർത്ഥന നടത്തിയത്. ശ്രീലക്ഷ്മി അഭ്യർത്ഥന നിരസിക്കുകയായിരുന്നു. ഇനി ശ്രീലക്ഷ്മിക്ക് ഒരു വിവാഹം ഉണ്ടാകാൻ അനുവദിക്കില്ലെന്ന് അന്ന് ജിഷ്ണു ഭീഷണിപ്പെടുത്തിയിരുന്നു.
إرسال تعليق