കോട്ടയം: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ജോസ് പുളിക്കൻ. ആസൂത്രിത ശ്രമം ആണ് ഇതിന് പിന്നിലെന്ന് പകൽ പോലെ വ്യക്തമാണ്. സമാനമായ സംഭവങ്ങൾ മറ്റ് ചില ഇടങ്ങളിൽ നടന്നപ്പോൾ അവിടെ ഒരു സമരാഭാസവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഓർത്തഡോക്സ് സഭാ യുവജന പ്രസ്ഥാനം കോട്ടയം ഭദ്രാസന വാർഷികത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ്.
എല്ലാ തരത്തിലും മാധ്യമങ്ങൾ വസ്തുത വളച്ചൊടിക്കുന്ന കാലം ആണിതെന്ന് ജോസ് പുളിക്കൻ പറഞ്ഞു. ചില വിഷയങ്ങളിൽ കൃത്യമായ അജണ്ടയോടെ സത്യത്തെ തമസ്കരിക്കുന്നു. ക്രൈസ്തവർ ഒരു സമുദായം എന്ന നിലയിൽ മുന്നോട്ട് പോകേണ്ട കാലം ആണിത്. എന്നാൽ ഇത് മറ്റ് മതങ്ങൾക്ക് എതിരെ ആകരുതെന്നും അദ്ദേഹം പറഞ്ഞു.
ചില ഗൂഢലക്ഷ്യങ്ങൾ ഉള്ളവരെ ഒരുമിച്ച് തിരിച്ചറിയണം. ആസൂത്രിതമായ ഭീകരവാദത്തിന്റെ പ്രവർത്തനങ്ങളെ തിരിച്ചറിയണം . സഭ സ്ഥാപനങ്ങളിൽ കടന്നു കയറ്റം ഉണ്ടായാൽ ഒരുമിച്ച് നിന്ന് പോരാടണമെന്നും ജോസ് പുളിക്കൻ പറഞ്ഞു. വർഗീയ ധ്രുവീകരണം അതിശക്തമാണ്. അതിന് നടുവിലാണ് നമ്മൾ ജീവിക്കുന്നതെന്നും ജോസ് പുളിക്കൻ പറഞ്ഞു.
മാധ്യമങ്ങൾ ഒരുപാട് നന്മ ചെയ്യുന്നുണ്ട്. പ്രളയകാലത്ത് ഉൾപ്പടെ ഇത് കണ്ടതാണ്. പക്ഷേ ചില വിഷയങ്ങൾ വരുമ്പോൾ ചില അജണ്ടകളോട് കൂടി സത്യത്തെ ബോധപൂർവം തമസ്ക്കരിച്ചുകൊണ്ട് മാധ്യമങ്ങൾ അതിന്‍റെ വികലമായ ഒരു മുഖം പുറത്തെടുക്കുന്നുണ്ടെന്നതാണ് യാഥാർഥ്യമെന്നും അദ്ദേഹം പറഞ്ഞു.
إرسال تعليق