തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ രാജിയിൽ പ്രതികരണവുമായി സിസ്റ്റർ ലൂസി കളപ്പുര. നിലനിൽപ്പില്ലെന്ന് മനസ്സിലാക്കിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജി വെച്ചതെന്ന് ന്യൂസ് അവറിൽ ലൂസി കളപ്പുര പറഞ്ഞു. രാജി വത്തിക്കാൻ നൽകിയ ശിക്ഷയാണെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു. സഭയിലുണ്ടായ തീരുമാനം തെറ്റുകളുടെ ആഴം മനസ്സിലാക്കി. കത്തോലിക്ക സഭയിൽ ഇത്തരത്തിലൊരു തീരുമാനം അത്ഭുതമെന്ന് തോന്നുന്നു എന്നും ലൂസി കളപ്പുര പറഞ്ഞു..
വീഡിയോ സന്ദേശത്തിലൂടെയാണ് ബിഷപ്പ് ഫ്രാങ്കോ തന്റെ രാജി അറിയിച്ചത്. ജലന്ധര്‍ ബിഷപ്പ് സ്ഥാനത്ത് നിന്നുള്ള രാജി മാര്‍പ്പാപ്പ സ്വീകരിച്ചതായും ഫ്രാങ്കോ വ്യക്തമാക്കിയിരുന്നു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയല്ലെന്നും ഫ്രാങ്കോ മുളയ്ക്കൽ സ്വയം രാജി വെക്കുകയായിരുന്നുവെന്നും ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിരിക്കെയാണ് ബിഷപ്പിന്റെ രാജി.
തെളിവുകളുടെ അഭാവത്തിലാണ് ബിഷപ്പിനെ കോടതി വെറുതെ വിട്ടത്. 2022 ജനുവരി 14 നാണ് കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കിയത്. ഇതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഈ അപ്പീല്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയിലാണ് അപ്രതീക്ഷിതമായി രാജി. ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൽ.
إرسال تعليق