ജയ്പൂർ: നാല് വർഷമായി നീണ്ട് നില്‍ക്കുന്ന രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം പുതിയ വഴിത്തിരിവിലേക്ക്. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി പരസ്യ യുദ്ധം പ്രഖ്യാപിച്ച മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നു. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനമായ ജൂണ്‍ 11 ന് സച്ചിന്‍ പൈലറ്റ് പുതിയ പ്രാദേശിക സംഘടനാ രൂപീകരണ പ്രഖ്യാപനം നടത്തും. പ്രഗതിഷീൽ കോൺഗ്രസ് എന്ന പേരിലായിരിക്കും സംഘടനയുടെ പ്രവർത്തനം.
ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് അശോക് ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോര് മുറുകിയപ്പോള്‍ എ ഐ സി സി നേതൃത്വം വിഷയത്തില്‍ നേരിട്ട് ഇടപ്പെട്ടിരുന്നു. കഴിഞ്ഞ മാസം അവസാനം ഇരു നേതാക്കളേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് നടത്തിയ ചർച്ചകള്‍ക്ക് ഒടുവില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടതായും നേതൃത്വം അവകാശപ്പെട്ടു.
ഐക്യത്തിന്റെ സൂചനയായി ഗെലോട്ടും, പൈലറ്റും പരസ്പരം കൈ കൊടുത്ത് പിരിയുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റ് സ്വന്തമായി പ്രാദേശിക പാർട്ടി രൂപീകരിക്കാനുള്ള ശ്രമം കൂടുതല്‍ ശക്തമാക്കിയത്. നേരത്തെ തന്നെ ഇത്തരമൊരു നീക്കം സച്ചിന്‍ പൈലറ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. നല്‍കിയ ഉറപ്പുകളൊന്നും പാലിക്കാന്‍ നേതൃത്വം തയ്യാറാവാതിരുന്നതോടെ പഴയ നീക്കം പൈലറ്റ് വീണ്ടും ശക്തിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
2018 ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് അധികാരം ലഭിച്ചത് മുതല്‍ ആരംഭിച്ച തർക്കത്തിനാണ് അടുത്ത ആഴ്ചയോടെ സച്ചിന്‍ പൈലറ്റ് പുതിയ വഴി തുറക്കാന്‍ പോവുന്നത്. നേരത്തെ 2020 ല്‍ സച്ചിന്‍ പൈലറ്റ് ഗെലോട്ടിനെതിരെ തുറന്ന യുദ്ധത്തിന് തന്നെ ഇറങ്ങിപ്പുറപ്പെട്ടിരുന്നുവെങ്കിലും ഭൂരിപക്ഷം എം എല്‍ എമാരെയും ഒപ്പം നിർത്തി അന്നത്തെ ഉപമുഖ്യമന്ത്രിയുടെ നീക്കം മുഖ്യമന്ത്രി പൊളിച്ചു. ഈ നീക്കത്തിന് ഒടുവിലാണ് പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടമാവുന്നത്.
മുഖ്യമന്ത്രി പദവി വീതം വെയ്ക്കുമെന്ന വാഗ്ദാനം നേതൃത്വം പാലിക്കുന്നില്ലെന്നതാണ് സച്ചിന്‍ പൈലറ്റിനെ സംബന്ധിച്ച ഏറ്റവും വലിയ പ്രശ്നമെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ തന്നെ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചർച്ചയിലും ഈ വിഷയം ഉയർന്ന് വന്നെങ്കിലും രാജസ്ഥാനിലെ മുഖ്യമന്ത്രി പദവിയില്‍ മാറ്റമുണ്ടാവില്ലെന്ന് നേതൃത്വം വ്യക്തമാക്കി. ഇതോടെയാണ് കോണ്‍ഗ്രസിനോട് പൂർണ്ണമായും വേർപിരിയുകയെന്ന അന്തിമ തീരുമാനത്തിലേക്ക് സച്ചിന്‍ പൈലറ്റ് എത്തിയത്.
പുതിയ പാർട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി ക്ഷേത്രങ്ങള്‍ സന്ദർശിക്കുന്ന തിരക്കിലാണ് സച്ചിന്‍ പൈലറ്റ് ഇപ്പോള്‍. കഴിഞ്ഞ ദിവസം തന്റെ അടുത്ത അനുയായിയും എംപിയുമായ വിവേക് തൻഖയ്‌ക്കൊപ്പമാണ് അദ്ദേഹം ജബല്‍പ്പൂരിലെ ക്ഷേത്ര സന്ദർശനത്തിന് എത്തിയത്. ഇതോടൊപ്പം തന്നെ ജില്ലകള്‍ കേന്ദ്രീകരിച്ച് പാർട്ടി രൂപീകരണത്തിന്റെ പ്രാഥമിക ചർച്ചകളും നടന്ന് വരുന്നു.
പ്രഗതിഷീൽ കോൺഗ്രസുമായി സച്ചിന്‍ പൈലറ്റ് വഴിമാറുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും എത്ര എം എല്‍ എമാർ കൂടെ പോവും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എം എല്‍ എമാരുടെ കൂറുമാറ്റം ഗെലോട്ടിന് വെല്ലുവിളിയാവുകയും സർക്കാർ രാജിവെക്കേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്താല്‍ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തന്നെ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയായി അത് മാറും.
2020 ലെ വിമത നീക്കത്തില്‍ 30 എം എൽ എമാരുടെയെങ്കിലും പിന്തുണ പൈലറ്റ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ സച്ചിന്‍ പൈലറ്റ് പക്ഷത്ത് നിന്നും എം എല്‍ എമാരെ വിദഗ്ധമായി തന്നോടൊപ്പം ചേർത്ത് ഗെലോട്ട് സഭയില്‍ ഭൂരിപക്ഷം തെളിയിച്ചു. 200 അംഗ സഭയിൽ 125 എംഎൽഎമാരുടെ പിന്തുണയുള്ള ഗെലോട്ട് സർക്കാർ ശബ്ദവോട്ടോടെയായിരുന്നു അന്ന് അവിശ്വാസ പ്രമേയത്തെ മറികടന്നത്. ഈ കലാപത്തിന് ഒടുവിലാണ് പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനവും നഷ്ടമാവുന്നതും.
إرسال تعليق