കൊച്ചി: കേന്ദ്രമന്ത്രി അമിത് ഷാ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തുമായി നെടുമ്പാശേരിയിൽ ചർച്ച നടത്തി. കൊച്ചിയിൽ അമൃത ആശുപത്രിയിലെ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്താവളത്തിന് സമീപമുള്ള മാരിയറ്റ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച്ച. മണിപ്പൂരിലെ സംഘർഷത്തിൻ്റെയും മറ്റും പശ്ചാത്തലത്തിൽ അമിത് ഷാ ആവശ്യപ്പെട്ടതനുസരിച്ചാണ് സിബിസിഐ പ്രസിഡൻ്റ് കൂടിയായ മാർ ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ചക്ക് വേദിയൊരുക്കിയതെന്നാണ് സൂചന. അരമണിക്കൂറോളം അടച്ചിട്ട മുറിയിലായിരുന്നു ചർച്ച.
കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സിൽവർ ജൂബിലി ആഘോഷവും അമൃത പുരിയിലും കൊച്ചിയിലും തുടങ്ങുന്ന ഗവേഷണ കേന്ദ്രങ്ങളുടെ ഉദ്ഘാടനത്തിനാണ് അമിത് ഷാ കേരളത്തിലെത്തിയത്. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 25 കോടി രൂപയുടെ സൗജന്യ ചികിത്സ സഹായ പദ്ധതി നടപ്പാക്കും എന്ന് അമൃത ആശുപത്രി അറിയിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ്, കൃഷി മന്ത്രി പി പ്രസാദ് എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ഒമ്പത് വർഷമായി ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ നരേന്ദ്ര മോദി സർക്കാരിനായി എന്ന് പരിപാടിയിൽ അമിത് ഷാ പറഞ്ഞു. പല പദ്ധതികൾ വഴി ചികിത്സാ സഹായങ്ങൾ വർധിപ്പിച്ചെന്നും മെഡിക്കൽ കോളേജുകളുടെ എണ്ണം 648 ആയതോടെ രാജ്യത്ത് മെഡിക്കൽ സീറ്റുകളുടെ എണ്ണവും കൂട്ടാനായി. കൊവിഡ് കാലത്ത് രാജ്യം നടത്തിയ വാക്‌സിനേഷൻ യജ്ഞം ലോകത്തിന് മാതൃക ആയെന്നും അമിത് ഷാ കൊച്ചിയിൽ പറഞ്ഞു.
إرسال تعليق