കണ്ണൂര്‍: പരിശോധനയ്ക്കിടെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്ന പരാതിയില്‍ രോഗിക്കെതിരേ ഡോക്ടര്‍ പരാതി നല്‍കി. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ സംഭവത്തില്‍ പാലയാട് സ്വദേശി മഹേഷിനെതിരേ ആശുപത്രി ഡോക്ടര്‍ അമൃതാരാഗിയാണ് പരാതി നല്‍കിയത്. പോലീസ് ആശുപത്രിയില്‍ എത്തി രോഗിയില്‍ നിന്നും ഡോക്ടറില്‍ നിന്നും മൊഴിയെടുത്തു.
അര്‍ദ്ധരാത്രിയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച രോഗിയാണ് മോശമായി പെരുമാറിയതെന്ന് ഡോക്ടര്‍ പറയുന്നു. മഹേഷ് തന്നെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായിട്ടാണ് ഡോക്ടര്‍ പരാതി നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെ ആശുപത്രിയില്‍ എത്തിച്ച മഹേഷിനെ ഡോക്ടര്‍ പരിശോധിക്കുന്നതിനിടയിലായിരുന്നു സംഭവം.
തന്റെ കൈക്കും നെഞ്ചിലും വേദനയുണ്ടെന്ന് രോഗി ഡോക്ടറിനോട് പറഞ്ഞു. തുടര്‍ന്ന് പരിശോധിക്കാന്‍ ഇയാളുടെ കയ്യില്‍ പിടിച്ചപ്പോള്‍ രോഗി ഡോക്ടറുടെ നെഞ്ചില്‍ അടിച്ചെന്നും പിന്നാലെ അസഭ്യം പറയുകയും ചെയ്തതായി ഡോക്ടര്‍ പറഞ്ഞു.
സാധാരണഗതിയില്‍ വേദനയുള്ള ഭാഗം പരിശോധിക്കുമ്പോള്‍ രോഗി പ്രതികരിക്കാറുണ്ടെങ്കിലും അതു കഴിഞ്ഞും ഇയാള്‍ പുലഭ്യം പറയുകയും സംസാരം മയപ്പെടുത്തണമെന്നും പോലീസിനെ വിളിക്കുമെന്നും പറഞ്ഞപ്പോള്‍ വീണ്ടും അസഭ്യം പറഞ്ഞുകൊണ്ട് പോലീസിനെ വിളിക്കാനും ഇയാള്‍ പറയുകയായിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍ പോലീസിനെ വിളിച്ചത്. പോലീസ് എത്തി ഇയാളുടെ മൊഴിയെടുത്തു.
ഇയാള്‍ മദ്യപിച്ചിരുന്നെന്ന് ഡോക്ടര്‍ ആരോപിക്കുന്നുണ്ട്. ഡോക്ടര്‍ വന്ദനയുടെ മരണം ഉണ്ടായ സംഭവത്തിന് പിന്നാലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ഓര്‍ഡിനന്‍സ് നടപ്പാക്കണമെന്ന് കെജഎംഒ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇല്ലെങ്കില്‍ ഒ പി ബഹിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള നടപടിയുമായി മുമ്പോട്ട് പോകുമെന്നും പറഞ്ഞു.
إرسال تعليق