Join News @ Iritty Whats App Group

'മന്ത്രിയായ ശേഷം എനിക്കും കിട്ടി പിഴ; AI ക്യാമറ നിയമലംഘനം കണ്ടെത്തിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കും'; മന്ത്രി ആന്‍റണി രാജു


തിരുവനന്തപുരം: എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ നിന്ന് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കില്ലെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. പിഴ ഈടാക്കുന്ന കാര്യത്തിൽ വിഐപി എന്ന പരിഗണന ഉണ്ടാകില്ല. എമർജൻസി വാഹനങ്ങൾക്ക് മാത്രം ഇളവ് അനുവദിക്കും. എഐ ക്യാമറകളുടെ പരിധിയില്‍ നിന്ന് വിഐപികളെ ഒഴിവാക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

എഐ ക്യാമറകള്‍ സ്ഥാപിച്ച ശേഷം പുതുതായി ഒരു നിയമവും കേരളത്തില്‍ വന്നിട്ടില്ല, എഐ ക്യമാറകളില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ നിന്ന് ആരേയും ഒഴിവാക്കാന്‍ കഴിയില്ല. ഒഴിവാക്കപ്പെടേണ്ട വാഹനങ്ങള്‍ ഏതൊക്കെയെന്ന് കേന്ദ്രനിയമത്തില്‍ പറഞ്ഞിട്ടുണ്ട്. അത് അതുപോലെ തന്നെ നടപ്പാക്കും. ഇപ്പോഴും അങ്ങനെയാണ് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

അടിയന്തരമല്ലാത്ത ഘട്ടത്തില്‍ താന്‍ എപ്പോഴും കുറഞ്ഞ വേഗതയിലാണ് യാത്രചെയ്യാറുള്ളത്. എഐ ക്യാമറയുടെ മുന്നില്‍ വിഐപി എന്നോ അല്ലാത്തവരെന്നോ ഒരു കാറ്റഗറിയില്ല. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാത്രമാണ് ഇളവുകള്‍ ഉള്ളത്. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്‌ വിഐപികളെ ഇതില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റില്ല. എല്ലാം ഓഡിറ്റിന് വിധേയമാണ്. റോഡില്‍ നിന്ന് ചെയ്യുന്നതുപോലെ ഉദ്യോഗസ്ഥര്‍ക്ക് അത്ര എളുപ്പത്തില്‍ എഐ ക്യാമറയില്‍ ഇളവ് അനുവദിക്കാന്‍ സാധിക്കില്ല. സുതാര്യമായും വിവേചനരഹിതമായും കാര്യങ്ങള്‍ ചെയ്യുന്നതിന് കൂടിയാണ് ഈ സംവിധാനം കൊണ്ടുവന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

أحدث أقدم
Join Our Whats App Group