Join News @ Iritty Whats App Group

സംസ്ഥാനത്ത് പതിനാല് ദിവസത്തിനുള്ളിൽ 95 മരണം; വയനാട്ടിൽ പനി ബാധിച്ച മൂന്ന് വയസ്സുകാരനും മരിച്ചു

വയനാട്ടിൽ വീണ്ടും പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്ത് ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും ഉണ്ടായിരുന്നു. ആരോഗ്യ സ്ഥിതി രൂക്ഷമായതോടെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ചക്കിടെ രണ്ടാമത്തെ കുട്ടിയാണ് ജില്ലയിൽ പനി ബാധിച്ചു മരിക്കുന്നത്.

രണ്ട് ദിവസം മുമ്പാണ് വയനാട്ടിൽ പനി ബാധിച്ച് നാലുവയസ്സുകാരി മരിച്ചത്. തൃശ്ശിലേരി സ്വദേശികളായ അശോകൻ അഖില ദമ്പതികളുടെ മകൾ രുദ്രയാണ് മരിച്ചത്. പനിയെ തുടർന്ന് കുട്ടിയെ ഞായറാഴ്ച വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ചയാണ് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എടയൂർകുന്ന് ഗവ. എൽ.പി. സ്കൂൾ എൽ.കെ.ജി വിദ്യാർഥിനിയാണ് രുദ്ര.

ഇതോടെ സംസ്ഥാനത്ത് പതിനാല് ദിവസത്തിനുള്ളിൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 95 ആയി. പനി ബാധിച്ച് കഴിഞ്ഞ ദിവസം ചികില്‍സ നേടിയത് പതിനായിരത്തിലേറെ പേരാണ്. ഈ മാസം ഇതുവരെ ഉള്ള പനി ബാധിതരുടെ എണ്ണം 261662 എന്നാണ് ആരോ​ഗ്യവകുപ്പ് പുറത്തുവിട്ട കണക്ക്. ഇവരില്‍ 1660 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി തളര്‍ത്തിയത് 142 പേരെയാണ്. ജലജന്യ രോഗങ്ങളും വയറിളക്ക രോഗങ്ങളും ബാധിച്ചത് 250050 പേരെയാണ്.

കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍, പനി മരണങ്ങളുടെ നിരക്ക് ഉയര്‍ന്ന അവസ്ഥയാണ്. ഡെങ്കി പനി തീവ്രമാകുന്നതോടെ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. കുട്ടികളിലും മറ്റ് രോഗങ്ങള്‍ ഉളളവരിലും രോഗബാധ കടുത്തേക്കുമെന്ന മുന്നറയിപ്പുമുണ്ട്. തുടക്കം മുതല്‍ കൃത്യമായ ചികില്‍സ നല്‍കിയില്ലെങ്കില്‍ ആന്തരികാവയവങ്ങളെ ബാധിച്ച് മരണം സംഭവിക്കാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

Post a Comment

أحدث أقدم
Join Our Whats App Group