ഡൽഹി: ബിപോർജോയ് ചുഴലികാറ്റ് ഇന്ന് വൈകീട്ടോടെ ഗുജറാത്ത് തീരും തൊടും. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. കച്ച്-സൗരാഷ്ട്ര മേഖലകളിൽ യെല്ലോ-ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് തീരദേശ ജില്ലകളിൽ നിന്നായി 74,000ത്തോളം പേരെ ഇതിനോടകം മാറ്റിപാർപ്പിച്ചിട്ടുണ്ട്.
കച്ച് ജില്ലയിൽ നിന്നാണ് കൂടുതൽ പേരെ മാറ്റിപാർപ്പിച്ചത്. ഇവിടെ നിന്ന് 34,300 പേരാണ് വിവിധ ക്യാമ്പുകളിൽ ഉള്ളത്. ജാംനഗറില്‍ 10,000 , മോര്‍ബിയില്‍ 9,243 ,രാജ്കോട്ടില്‍ 6,089 , ജുനഗഡിൽ 4,604 , പോർബന്ധറിൽ 3,469, ഗിർ സോംനാഥ് ജില്ലയിൽ 1,605 എന്നിങ്ങനെയാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.
നിലവിൽ ഗുജറാത്ത് തീരത്ത് നിന്ന് 200 കിലോമീറ്റർ അകലെയാണ് ബിപാർജോയ് ചുഴലിക്കാറ്റ് ഉള്ളത്. വൈകീട്ട് നാലോടെ സൗരാഷ്ട്ര, കച്ച് മേഖലകളിലേക്ക് അതിതീവ്ര ചുഴലികാറ്റായി തന്നെ ബിപോര്‍ജോയ് കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. കനത്ത ജാഗ്രതാ നിർദേശങ്ങളാണ് ഗുജറാത്ത് -മഹാരാഷ്ട്ര തീരത്ത് പുറപ്പെടുവിച്ചിരിക്കുന്നത്
കനത്ത മഴയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. പോർബന്തർ, രാജ്‌കോട്ട്, മോർബി, ജുനാഗഡ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും സൗരാഷ്ട്ര, വടക്കൻ ഗുജറാത്ത് മേഖലയിലുമാണ് കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. മോശം കാലാവസ്ഥയെ തുടർന്ന് 76 ട്രെയിനുകൾ പൂർണമായും 48ഓളം എണ്ണം ഭാഗികമായും ജൂൺ 16 വരെ റദ്ദാക്കിയതായി പശ്ചിമ റെയില്‍വേ അറിയിച്ചു. ഗുജറാത്തിലെ ഭുജ് വിമാനത്താവളം താൽക്കാലികമായി അടച്ചു.
ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 18 ടീമുകൾ, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) 12 ടീമുകൾ, സംസ്ഥാന റോഡ് ആൻഡ് ബിൽഡിംഗ് വകുപ്പിന്റെ 115 ടീമുകൾ, സംസ്ഥാന വൈദ്യുതി വകുപ്പിന്റെ 397 ടീമുകൾ എന്നിങ്ങനെ വിവിധ സേന സംഘങ്ങളെ പല മേഖലകളിലായി വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രികളും സജ്ജമാക്കിയതായും അധികൃതർ അറിയിച്ചു.
അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ അതിവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജസ്ഥാന്‍, മധ്യപ്രദേശ്, കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇവിടങ്ങളിലും ജാഗ്രത തുടരുകയാണ്.
إرسال تعليق