Join News @ Iritty Whats App Group

എക്സൈസ് പിടിച്ചെടുത്തത് ലഹരിമരുന്നല്ല; 72 ദിവസം ജയിലിൽ കഴിയേണ്ടി വന്ന ഷീലയ്ക്ക് നഷ്ടമായത് സ്ഥാപനത്തിന്റെ സൽപേരും


തൃശ്ശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയുടെ പക്കൽ നിന്ന് ലഹരിമരുന്ന് പിടിച്ചുവെന്ന കേസിൽ വഴിത്തിരിവ്. ബാഗിൽ നിന്ന് എൽഎസ്ഡി സ്റ്റാംപ് പിടിച്ചെന്ന കേസിൽ ചാലക്കുടി സ്വദേശിനിയായ ഷീല സണ്ണി 72 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. എന്നാൽ, ലാബ് റിപ്പോർട്ട് പുറത്തു വന്നപ്പോൾ എക്സൈസ് പിടിച്ചെടുത്തത് എൽഎസ്ഡി സ്റ്റാംപ് അല്ലെന്ന് തെളിഞ്ഞു.

ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ഷീല സണ്ണിയെ ചാലക്കുടി എക്സൈസ് അറസ്റ്റ് ചെയ്തത്. ഷീലയുടെ പക്കൽ നിന്ന് 12 എൽഎസ്ഡി സ്റ്റാംപുകൾ കണ്ടെത്തിയെന്നായിരുന്നു കേസ്. ഇതിൽ ഒന്നിന്ന് 5000 രൂപമുകളിൽ വില വരും എന്നായിരുന്നു എക്സൈസ് അറിയിച്ചിരുന്നത്.

കേസിന്റെ അടിസ്ഥാനത്തിൽ ഷീല 72 ദിവസം ജയിലിലും കഴിഞ്ഞു. എന്നാൽ, പിടിച്ചെടുത്ത സ്റ്റാംപുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതോടെ ഇത് ലഹരിമരുന്നല്ലെന്ന് തെളിഞ്ഞു. ഇന്നാണ് പരിശോധനാ ഫലം പുറത്തു വന്നത്.

തന്നെ കേസില്‍ കുടുക്കിയതാണെന്ന് ഉദ്യോഗസ്ഥരോട് ഷീല പറഞ്ഞിരുന്നെങ്കിലും ഇത് വിശ്വസിക്കാൻ അന്വേഷണ സംഘം തയ്യാറായിരുന്നില്ല. ഇതിനിടയിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ നേരത്തെ എക്സൈസ് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

നിരപരാധിയാണെന്ന് തെളിഞ്ഞതോടെ തന്നെ കേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഷീല സണ്ണി രംഗത്തെത്തി. തനിക്ക് നഷ്ടപ്പെട്ടതൊക്കെ എങ്ങനെ നികത്തുമെന്നാണ് ഷീലയുടെ ചോദ്യം. ലഹരിമരുന്നുമായി പിടിയിലായെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ഷീലയ്ക്കും സ്ഥാപനത്തിനും തീരാകളങ്കമാണ് ഉണ്ടായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ച് ദിവസങ്ങൾ നിരീക്ഷിച്ചതിനു ശേഷമാണ് ഷീലയെ അറസ്റ്റ് ചെയ്തതെന്നും സ്ഥാപനത്തിൽ എത്തുന്നവർക്കാണ് ലഹരി മരുന്ന് നൽകിയിരുന്നത് എന്നുമായിരുന്നു എക്സൈസിന്റെ വാദം.

ജയിൽവാസത്തിന്റെ കയ്ക്കുന്ന ഓർമ്മകളിൽ ഷീല തകര്‍ന്നില്ല. കുടുംബത്തിന് എല്ലാം അറിയാവുന്നത് കൊണ്ട് അവരുടെ പിന്തുണ കിട്ടി. പക്ഷേ ലഹരി വിൽപ്പനക്കാരിയെന്ന രീതിയിൽ നോക്കി പരിഹസിച്ചവർ പോലുമുണ്ട്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ലാബ് റിപ്പോർട്ടിൽ നിരപരാധിത്വം തെളിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഷീല.

എന്നാൽ, എന്തിനാണ് തന്നെ ലഹരി കേസിൽ കുടുക്കിയതെന്ന് മാത്രം അവർക്ക് ഇപ്പോഴും വ്യക്തമായിട്ടില്ല. എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വീണ്ടും നിയമപോരാട്ടം നടത്താൻ തന്നെയാണ് ഷീലയുടെ തീരുമാനം.

Post a Comment

أحدث أقدم
Join Our Whats App Group