തിരുവനന്തപുരം: കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ നിന്നും അരിക്കൊമ്പൻ കേരള വനമേഖലയ്ക്ക് തൊട്ടരികെ എത്തി. നെയ്യാർ വനമേഖലയ്ക്ക് വെറും ആറ് കിലോമീറ്റർ അകലെ അരിക്കൊമ്പൻ എത്തിയെന്നാണ് വിവരം. കേരളാ വനംവകുപ്പ് അരിക്കൊമ്പനിലെ റേഡിയോ സിഗ്നൽ നിരീക്ഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ചൊവാഴ്ചയാണ് അരിക്കൊമ്പനെ മുണ്ടൻതുറൈ കടുവാ സങ്കേതത്തിനുള്ളിൽ തമിഴ്നാട് വനംവകുപ്പ് തുറന്നുവിട്ടത്.
അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് കടക്കാതെയിരിക്കാന്‍ നിരീക്ഷണം ശക്തമാക്കിയെന്നും വനപാലകര്‍ അറിയിച്ചു. ആന ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തിട്ടില്ല എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ചിന്നക്കനാലില്‍ വെച്ചുണ്ടായിരുന്ന അതേ ആരോഗ്യാവസ്ഥയിലേക്ക് ആന എത്തിയിട്ടില്ല എന്നാണ് വിവരം. പഴയ ആരോഗ്യസ്ഥിതിയില്‍ ഒരു ദിവസം പതിനഞ്ചു മുതല്‍ ഇരുപത് കിലോമീറ്റർവരെ അരിക്കൊമ്പന്‍ സഞ്ചരിക്കാറുണ്ട്. എന്നാല്‍, ശനിയാഴ്ച ആറു കിലോമീറ്റര്‍ മാത്രമാണ് അരിക്കൊമ്പന്‍ സഞ്ചരിച്ചത്.
അരിക്കൊമ്പനെ നിരീക്ഷിക്കാൻ അമ്പതംഗ ദൗത്യസംഘത്തെ തമിഴ്നാട് വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. ആളുകളുമായി അടുത്തിടപഴകി പരിചയമുള്ള ആനയായതിനാല്‍ ജനവാസമേഖലയിലേക്ക് എത്തിപ്പെട്ടാല്‍ അരിക്കൊമ്പനെ തിരികെ കൊണ്ടു വരിക എന്നത് ദുഷ്‌കരമായ ദൗത്യമാകും. അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതെയിരിക്കാനാണ് തമിഴ്‌നാട് വനംവകുപ്പ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയത്. അപ്പര്‍ കോതയാര്‍ മുത്തുക്കുഴി വനമേഖലയില്‍ തുറന്നു വിട്ടപ്പോഴാണ് അരിക്കൊമ്പന്‍ കന്യാകുമാരി വനത്തിലേക്ക് കടന്നത്.
إرسال تعليق