Join News @ Iritty Whats App Group

എഐ ക്യാമറ പണി തുടങ്ങി; ആദ്യ ദിനം 28891 നിയമലംഘനം പിടികൂടി


തിരുവനന്തപുരം: എ ഐ ക്യാമറ പ്രവർത്തനത്തിന്‍റെ ആദ്യ മണിക്കൂറുകളിലെ കണക്ക് പുറത്ത്. ആദ്യ 9 മണിക്കൂറിൽ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങളാണ്. രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെയുള്ള കണക്ക് പ്രകാരം റോഡ് ക്യാമറ വഴി കണ്ടെത്തിയത് 28, 891 നിയമലംഘനങ്ങളെന്ന് അധികൃതർ വ്യക്തമാക്കി. ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയ് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് 5 മണിവരെ കണ്ടെത്തിയിട്ടുള്ളത്. ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നാളെ മുതൽ നോട്ടീസ് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം ഉണ്ടാക്കി നിര്‍ത്താതെ പോകല്‍ എന്നിവ പിടിക്കാന്‍ 675 ക്യാമറകളും സിഗ്‌നല്‍ ലംഘിച്ച് പോയി കഴിഞ്ഞാല്‍ പിടികൂടാന്‍ 18 ക്യാമറകളുമാണ് ഉള്ളത്. നിയമലംഘനം നടന്ന് ആറ് മണിക്കുറിനുള്ളില്‍ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസില്‍ രജിസ്ട്രേഡ് കത്ത് വരും. പിഴ അടച്ചില്ലെങ്കില്‍ ടാക്‌സ് അടക്കുമ്പോഴും വാഹനം കൈമാറ്റും ചെയ്യുമ്പോഴും പിഴത്തുക അടയ്‌ക്കേണ്ടി വരും. ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ അത്രയധികം തവണ പിഴയടക്കേണ്ടി വരും.

അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറകളും അതിവേഗം കണ്ടെത്താന്‍ നാലു ക്യാമറകള്‍ പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം, അമിത ശബ്ദം എന്നിവ കൂടി ക്യാമറകള്‍ കണ്ടെത്തും ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍താല്‍ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്‌നല്‍ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.

Post a Comment

أحدث أقدم
Join Our Whats App Group