ബെംഗളൂരു: വാസ്തു വിശ്വാസപ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസിലെ അടച്ചിട്ട വാതിൽ തുറന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ശനിയാഴ്ച അവലോകന യോഗത്തിനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വാതിൽ അടഞ്ഞുകിടക്കുന്നത് കണ്ടത്. അന്നഭാഗ്യ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടായിരുന്നു യോഗം. വിധാൻസൗധയുടെ മൂന്നാം നിലയിലെ ഓഫീസിലെത്തിയ സിദ്ധരാമയ്യ, തെക്ക് ഭാഗത്തെ വാതിൽ എന്തിനാണ് അടച്ചതെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചു. വാസ്തു ശരിയല്ലാത്തതിനാലാണ് വാതിൽ അടച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, ഉദ്യോഗസ്ഥരോട് വാതിൽ തുറക്കാൻ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. അതേ വാതിലിലൂടെയാണ് മുഖ്യമന്ത്രി യോഗത്തിനായി മുറിയിൽ പ്രവേശിച്ചത്. ആരോഗ്യമുള്ള മനസ്സും ശുദ്ധ മനസ്സാക്ഷിയും ജനോപകാരപ്രദമായ സമീപനവും മുറിയിൽ നല്ല വായുവും വെളിച്ചവും വേണമെന്നും സിദ്ധരാമയ്യ ഉദ്യോഗസ്ഥരോട് പറഞ്ഞു. അന്ധവിശ്വാസങ്ങൾക്കെതിരായ തന്റെ നിലപാട് ഊന്നിപ്പറയുകയായിരുന്നു സിദ്ധരാമയ്യ.
1998ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജെ എച്ച് പട്ടേൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് വാതിൽ അടച്ചത്. 2013ൽ മുഖ്യമന്ത്രിയായ ശേഷം, സിദ്ധരാമയ്യ തുറന്ന് കൊടുക്കാൻ ഉത്തരവിട്ടിരുന്നു. അതിന് മുമ്പ് 15 വർഷത്തിനിടെ ആറ് മുഖ്യമന്ത്രിമാർ അധികാരമേറ്റെങ്കിലും ആരും വാതിൽ തുറന്നില്ല. മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യെദിയൂരപ്പ, ബസവരാജ് ബൊമ്മൈ, എച്ച്.ഡി കുമാരസ്വാമി എന്നിവർ വാതിൽ തുറക്കാൻ സമ്മതിച്ചിരുന്നില്ല.
തെക്ക് ദർശനമുള്ള വാതിൽ നിർഭാഗ്യകരമാണെന്നാണ് പല മുഖ്യമന്ത്രിമാരുടെയും വിശ്വാസം. പകരം പടിഞ്ഞാറ് ദർശനം ഉപയോഗിക്കുന്നതാണ് നല്ലതെന്നും ജ്യോതിഷികൾ പറഞ്ഞതിനെ തുടർന്നാണ് വാതിൽ അടച്ചത്. ജനപ്രതിനിധികളുടെ ഇത്തരം വിശ്വാസങ്ങൾക്ക് പ്രസിദ്ധമാണ് കർണാടക. നേരത്തെ ചില മന്ത്രിമാർ വാസ്തു പ്രകാരം ഓഫിസ് പുതുക്കി പണിതത് വാർത്തയായിരുന്നു. മുൻ മുഖ്യമന്ത്രി യെദിയൂരപ്പ പേരുമാറ്റം വരെ നടത്തി.
إرسال تعليق