Join News @ Iritty Whats App Group

'2024 ൽ എൻഡിഎയെ തോൽപ്പിക്കും', സൂത്രവാക്യം വെളിപ്പെടുത്തി അഖിലേഷ്; 'പിഡിഎ' ഫോർമുല പ്രതിപക്ഷം ഏറ്റെടുക്കുമോ?


ലഖ്നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബി ജെ പി മുന്നണിയെ പരാജയപ്പെടുത്തി പ്രതിപക്ഷം അധികാരത്തിലേറുമെന്ന പ്രതീക്ഷ പങ്കുവച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത്. എൻ ഡി എയെ പരാജയപ്പെടുത്തൽ വലിയ ശ്രമകരമായ കാര്യമല്ലെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ഇത് സാധ്യമാകുമെന്നാണ് അഖിലേഷ് പറയുന്നത്. എൻ ഡി എയെ പരാജയപ്പെടുത്താനുള്ള സൂത്രവാക്യം തന്‍റെ കയ്യിലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പി ഡി എ എന്നതാണ് ആ സൂത്രവാക്യം. പി ഡി എ എന്നാൽ പിച്ച്ലെ, ദലിത്, അൽപാസാംഖ്യക് (പിന്നാക്ക വിഭാഗങ്ങൾ, ദലിതുകൾ, ന്യൂനപക്ഷങ്ങൾ) എന്നും അഖിലേഷ് വിവരിച്ചു. ഈ മൂന്ന് ഘടകങ്ങളും ചേർന്ന പി ഡി എക്ക് 2024 ലെ തെരഞ്ഞെടുപ്പിൽ എൻ ഡി എയെ തോൽപ്പിക്കാനാകുമെന്നും എസ് പി അധ്യക്ഷൻ കൂട്ടിച്ചേർത്തു.

അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ വിശാല മുന്നണി സാധ്യമാകുമെന്ന പ്രതീക്ഷയും അഖിലേഷ് പങ്കുവച്ചു. ഉത്തർപ്രദേശിനെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. യു പി യിലെ 80 സീറ്റിലും ബി ജെ പിയെ പരാജയപ്പെടുത്തുക എന്നതായിരിക്കും തന്‍റെ ഏക മുദ്രാവാക്യം. ഇതിലൂടെ യു പിയിൽ നിന്നും ബി ജെ പിയെ നീക്കം ചെയ്യാനാകും. എന്നാൽ പ്രതിപക്ഷത്തെ വലിയ കക്ഷികളും ചെറിയ കക്ഷികളും ഇതിനായി തനിക്കൊപ്പം നിൽക്കണം. അങ്ങനെ ദേശീയ പാർട്ടികളടക്കം എസ് പിക്കൊപ്പം നിന്നാൽ യു പിയിലെ 80 ലോക്‌സഭാ സീറ്റുകളിലും ബി ജെ പി പരാജയപ്പെടുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

സംസ്ഥാനങ്ങളിലെ സാഹചര്യം നോക്കി പ്രതിപക്ഷത്തെ വലിയ പാർട്ടികളും ചെറിയ പാർട്ടികളും തന്ത്രങ്ങൾ രൂപീകരിക്കണം. ഓരോ സംസ്ഥാനത്തും ബി ജെ പിയെ പരാജയപ്പെടുത്താൻ സാധ്യതയുള്ളവർക്ക് മറ്റുള്ള പാർട്ടികൾ പിന്തുണ നൽകണം. അങ്ങനെയുള്ള നീക്കത്തിന് എന്നും സമാജ്‌വാദി പാർട്ടി പിന്തുണ നൽകിയിട്ടുണ്ട്. ഒരു ഘട്ടത്തിലും സീറ്റ് വിഭജനകാര്യത്തിൽ സമാജ്‌വാദി പാർട്ടി വഴക്കിനും തർക്കത്തിനും നിൽക്കാറില്ലെന്നും അഖിലേഷ് ചൂണ്ടികാട്ടി. നിയമസഭ - ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായും മായാവതിയുടെ ബി എസ് പിയുമായും എസ് പി നേരത്തെയുണ്ടാക്കിയ സഖ്യങ്ങളും അദ്ദേഹം ചൂണ്ടികാട്ടി. അഖിലേഷിന്‍റെ 'പി ഡി എ' ഫോർമുലയും വിശാല മുന്നണി ആശയവും പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുക്കുമോ എന്നതാണ് ഇനി കണ്ടറിയാനുള്ളത്.

Post a Comment

أحدث أقدم
Join Our Whats App Group