Join News @ Iritty Whats App Group

മലപ്പുറത്ത് ഭക്ഷ്യവിഷബാധയേറ്റ് 140 ഓളം പേര്‍ ആശുപത്രിയില്‍; വില്ലനായി മയോണൈസ്?


മലപ്പുറം ചങ്ങരംകുളത്ത് വിവാഹസത്കാരത്തില്‍ പങ്കെടുത്ത 140 ഓളം പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍. എരമംഗലം കിളയില്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ പെരുമ്പടപ്പ് അയിരൂര്‍ സ്വദേശിയുടെ മകളുടെ വിവാഹത്തിന് തലേന്നു നടന്ന ചടങ്ങിൽ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

പൊന്നാനി കറുകത്തിരുത്തിയില്‍നിന്നും വരന്റെ കൂടെയെത്തിവര്‍ക്കും ഭക്ഷ്യവിഷബാധയുണ്ടായി. പുത്തൻപള്ളി, പൊന്നാനി എന്നിവിടങ്ങളിലാണ് ആളുകള്‍ ചികിത്സ തേടിയിട്ടുള്ളത്. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയോടെ വയറിളക്കവും ഛര്‍ദിയും പനിയുമായി നിരവധി പേർ ആശുപത്രികളില്‍ ചികിത്സതേടിയപ്പോഴാണ് ഭക്ഷ്യവിഷബാധയാണെന്ന് അറിയുന്നത്. നിക്കാഹിനുശേഷം നടന്ന സത്കാരത്തില്‍ മന്തിയാണ് വിളമ്പിയത്. അതോടൊപ്പമുണ്ടായിരുന്ന മയോണൈസ് കഴിച്ചവര്‍ക്കാണ് കൂടുതലായും ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് വിവരം.

പെരുമ്പടപ്പ് പുത്തന്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ മാത്രം 80 ഓളം പേരാണ് ഞായറാഴ്ച രാത്രിവരെ ചികിത്സതേടിയത്. പുന്നയൂര്‍ക്കുളം സ്വകാര്യ ആശുപത്രിയില്‍ ഏഴും പൊന്നണി ഗവ. താലൂക്ക് ആശുപത്രിയില്‍ 40 ഓളം പേരും ഇതിനോടകം ചികിത്സതേടി കഴിഞ്ഞു..

Post a Comment

أحدث أقدم
Join Our Whats App Group