ആധാർ കിട്ടാത്തത് കാരണം തുടർപഠനവും ജീവിതവും തുലാസ്സിലായ ഒരു പതിമുന്ന് വയസുകാരനുണ്ട് തിരുവനന്തപുരം വിതുരയിൽ. ആദ്യം റേഷൻ കാർഡിൽ നിന്ന് പുറത്തായി. ഇപ്പോൾ സ്കൂൾ അഡ്മിഷനും, ആനുകൂല്യങ്ങളും പ്രതിസന്ധിയിലാണ്. വർഷങ്ങൾ ശ്രമിച്ചിട്ടും സാങ്കേതിക കാരണങ്ങളുടെ പേരിലാണ് വിതുര സ്വദേശിയായ അരവിന്ദിന് ആധാർ കിട്ടാത്തത്. മീനാങ്കൽ ട്രൈബൽ വിദ്യാലയത്തെ വിദ്യാത്ഥിയാണ് അരവിന്ദ്. രണ്ടാം ക്ലാസ് മുതൽ അരവിന്ദിന് ആധാർ കാർഡ് എടുക്കാൻ ശ്രമിക്കുന്നുണ്ട്. 2016 ൽ രജിസ്റ്റർ ചെയ്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് ആധാർ നമ്പർ കിട്ടിയില്ലെന്നും അന്ന് തുടങ്ങിയതാണ് അരവിന്ദിന്റെ ബുദ്ധിമുട്ടുകൾ.
ആദ്യം കുടുംബത്തിന്റെ ബിപിഎൽ റേഷൻ കാർഡിൽ നിന്നും പുറത്തായി. യൂണിക്ക് ഐഡി നമ്പറായ ആധാർ നമ്പർ കിട്ടാത്തത് കൊണ്ട്, സ്കൂൾ അഡ്മിഷനും ഏറെ ബുദ്ധിമുട്ടി. നാട്ടുകാരായ ടീച്ചർമാരുടെ സഹായത്തോടെ, ഏഴാം ക്ലാസ് വരെ പഠിച്ചു. എട്ടാം ക്ലാസിൽ അഡ്മിഷന് തടസ്സം നേരിട്ടതോടെ, വീണ്ടും അധ്യാപകരുടെ കാരുണ്യത്തിൽ, അഞ്ച് കി.മീ അകലെയുള്ള മീനാങ്കൽ ട്രൈബൽ സ്കൂളിൽ ചേർന്നു. പക്ഷെ ബസിൽ പോകാൻ കൺസെഷൻ കാർഡ് വേണം. കാർഡിനും വേണം ആധാർ. തിരുവനന്തപുരത്ത് ഇനി പോകാൻ ഒരൊറ്റ അക്ഷയ കേന്ദ്രവും ബാക്കിയില്ലെന്നാണ് അരവിന്ദിന്റെ
അമ്മ സന്ധ്യ പറയുന്നത്. ഐടി മിഷനിലും പോയി പരാതിപ്പെട്ടു. ചേട്ടനും, അനിയനും ഒക്കെ ആധാർ നമ്പർ കിട്ടി. പക്ഷെ അരവിന്ദിന് മാത്രം ആ പന്ത്രണ്ട് അക്ക നമ്പർ കിട്ടാക്കനിയാണ്.
റബർ വെട്ടാണ് അരവിന്ദിന്റെ അച്ഛൻ സന്തോഷിന് ജോലി. ദിവസം നാല്പത് രൂപ ബസ് കാശെടുക്കാൻ നിവൃത്തിയില്ലാത്തത് കൊണ്ട് തന്നെയാണ് കുടുംബം സങ്കടം തുറന്നുപറയുന്നത്. റേഷൻ കാർഡിൽ പേര് വെട്ടിയതും സഹിക്കാം. പക്ഷേ അരവിന്ദിന്റെ തുടർപഠനത്തെ കുറിച്ചോർക്കുമ്പാഴാണ് ആശങ്ക. ഒരു വാതിൽ പോലുമില്ലാത്ത, ഷീറ്റിട്ട ഒറ്റമുറി വീട്ടിലിരുന്ന്, ഒരു ആധാർ നമ്പറിന് വേണ്ടി ഇനി എവിടെ ചെന്ന് മുട്ടുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് തേടുന്നത്. സാങ്കേതികത്വത്തിൽ തൂങ്ങിയാടുന്ന ജീവിതങ്ങൾ ഇങ്ങനെയുമുണ്ട്.
إرسال تعليق