കണ്ണൂർ: മുഴപ്പിലങ്ങാട്ട് തെരുവുനായ്ക്കൾ കടിച്ചുകീറി ഭിന്നശേഷിക്കാരനായ 11കാരന്റെ മരണത്തിൽ നടുങ്ങി നാട്. കെട്ടിനകം പള്ളക്കടുത്ത് ദാറുൽ റഹ്മാനിൽ നൗഷാദിന്റെ മകൻ നിഹാലിനാണ് ദാരുണാന്ത്യം. വൈകീട്ട് അഞ്ചുമണിയോടെ കാണാതായ കുട്ടിയെ ഏറെനേരത്തെ തിരച്ചിലിനൊടുവിൽ രാത്രി ഒൻപതോടെയാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പിൽ ശരീരമാസകലം മുറിവുകളോടെ ബോധഹരിതനായ നിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്ന് 300 മീറ്റർ അകലെയാണ് കുട്ടി ചോരവാർന്നു കിടക്കുന്ന നിലയിൽ കിടന്നിരുന്നത്. മുഖവും വയറും നായ്ക്കൾ കടിച്ചുകീറിയ നിലയിലായിരുന്നു. ഈ സമയത്ത് ജീവനുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. എന്നാൽ, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. വൈകീട്ട് സമീപത്തുനിന്ന് തെരുവുനായ്ക്കളുടെ ബഹളം കേട്ടതായി സമീപവാസികൾ പറഞ്ഞു. തുടർന്നാണ് സമീപത്തെ ആൾതാമസമില്ലാത്ത വീടിന്റെ പറമ്പിലും തിരച്ചിൽ നടത്തിയത്. ഈ സമയത്ത് പറമ്പിലെ ചെടികൾക്കിടയിൽ ചോരയിൽ കുളിച്ചുകിടക്കുകയായിരുന്നു നിഹാൽ. സംസാരശേഷിയില്ലാത്ത കുട്ടിയിയായതിനാൽ അപകടം നടന്നത് ആരും അറിഞ്ഞിരുന്നില്ല. ഓട്ടിസം ബാധിച്ച് സംസാരശേഷിയില്ലാത്തതിനാൽ കുട്ടിക്ക് നായ്ക്കളുടെ ആക്രമണത്തിൽ നിലവിളിക്കാൻ പോലുമായില്ലെന്നു വ്യക്തമാണ്. കുട്ടി കളിക്കുകയായിരിക്കുമെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. തിരിച്ചുവരാതായപ്പോഴാണ് തിരച്ചിൽ നടത്തിയത്. ധർമടം സ്വാമിക്കുന്ന് ജേസീസ് സ്‌പെഷൽ സ്‌കൂൾ വിദ്യാർത്ഥിയാണ് നിഹാൽ. മരണവിവരമറിഞ്ഞ് ബഹ്‌റൈനിലുള്ള പിതാവ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നുസീഫയാണ് മാതാവ്. സഹോദരൻ നസൽ. തലശ്ശേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഖബറടക്കം എടക്കാട് മണപ്പുറം ജുമാമസ്ജിദിൽ നടക്കും.
'മുഖവും വയറും നായ്ക്കൾ കടിച്ചുകീറി; സംസാരശേഷിയില്ലാത്തതിനാൽ നിലവിളിക്കാനായില്ല' 11 കാരന്റെ മരണത്തിൽ നടുങ്ങി നാട്
News@Iritty
0
إرسال تعليق