Join News @ Iritty Whats App Group

'പുലർച്ച നേരമായത് കൊണ്ട് വണ്ടി ഓടിച്ചയാൾ ഉറങ്ങി പോയിരിക്കാം,പുറപ്പെട്ടത് 10 മണിയോടെ'; വിനോദ് കോവൂർ



കൊച്ചി: മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മരണത്തിൽ അനുസ്മരിച്ച് നടൻ വിനോദ് കോവൂർ. സുധി വിടവാങ്ങിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് വിനോദ് പറഞ്ഞു. ഇത്തിരി നേരം കൊണ്ട് ഒത്തിരി തമാശകൾ പറഞ്ഞ് കാണികളെയെല്ലാം ചിരിപ്പിച്ച് സന്തോഷത്തോടെയാണ് സുധി വടകരയിൽ നിന്നും മടങ്ങിയതെന്നും അത് മരണത്തിലേക്കുള്ള യാത്രയാകുമെന്ന് കരുതിയിരുന്നില്ലെന്നും വിനോദ് ഫേസ്ബുക്കിൽ കുറിച്ചു. വടകരയിൽ സുധി പങ്കെടുത്ത പരിപാടിയിൽ വിനോദും അതിഥിയായിരുന്നു.

വിനോദ് കോവൂർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ-'എടാ സുധീ വിശ്വസിക്കാനാവുന്നില്ല. ഇന്നലെ രാത്രി വടകര ക്രാഫ്റ്റ് വില്ലേജിൽ ഫ്ലവേഴ്സും 24 ചാനലും ഒരുക്കിയ ഷോയിൽ പങ്കെടുത്ത് പത്ത് മണിയോടെ വടകരയിൽ നിന്ന് യാത്ര പുറപ്പെട്ടതാണ് സുധിയും ബിനുവും. അത് മരണത്തിലേക്കുള്ള യാത്രയായിരുന്നോ സുധീ. ഇന്നലെ ഇത്തിരി നേരം കൊണ്ട് ഒത്തിരി തമാശകൾ പറഞ്ഞ് കാണികളെയെല്ലാം ചിരിപ്പിച്ച് ചിന്തിപ്പിച്ച് സന്തോഷത്തോടെ തന്റെ ഫോട്ടോ പതിപ്പിച്ച ഉപഹാരവും വാങ്ങി ബിനു അടിമാലിക്കൊപ്പം യാത്രപുറപ്പെട്ടതാണ്.

നടൻ ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ചാണ് ഇന്നലെ സുധി കൈയ്യടി വാങ്ങിയത്. സുരേഷ് ഗോപിയെ അനുകരിക്കുമ്പോൾ ആരും എന്റെ മുഖത്തേക്ക് നോക്കരുത് ഡയലോഗിൽ മാത്രമേ ശ്രദ്ധിക്കാവു എന്ന് പറഞ്ഞപ്പോൾ സദസ് മുഴുവൻ ചിരിച്ചു കൈയ്യടിച്ചു. ഏറ്റവും മുന്നിലെ ചെയറിൽ ഇരുന്ന് ഞാനും ഗോകുലം ഗോപാലൻ ചേട്ടനും ശ്രീകണ്ഠൻ നായരുമടക്കം ഒത്തിരി പേർ സുധിയുടെ സ്റ്റേജിലെ അവസാന പ്രകടനം കാണുകയായിരുന്നു. സ്റ്റാർ മാജിക്ക് ഷോയിലൂടെ മലയാളികളുടെ പ്രിയ താരമായ് മാറി കൊണ്ടിരിക്കുമ്പോഴാണ് ഈ ദുർവിധി അപകട രൂപത്തിൽ വന്നത്.

പുലർച്ചെ നേരമായത് കൊണ്ട് വണ്ടി ഓടിച്ചയാൾ ഒന്ന് മയങ്ങി പോയതാവാം അപകടകാരണം എന്ന് അനുമാനിക്കാം. ബിനു അടിമാലി യാണ് സുധിയെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്തത്. നീല ജുബ്ബയുമിട്ട് സ്‌റ്റേജിലേക്ക് കൈകൂപ്പി ചിരിച്ച് കൊണ്ട് കയറി വന്നിട്ട് ആദ്യം പറഞ്ഞത്. ഈ ബിനു അടിമാലി എന്നെ എന്തിനാ ഇങ്ങോട്ട് വിളിച്ചതെന്നറിയോ. അവന് കൗണ്ടർ പറയണമെങ്കിൽ ഞാൻ വേണം. പിന്നീടങ്ങോട്ട് കൗണ്ടറുകൾ തന്നെയായിരുന്നു.

വിധിയുടെ വൈപരീത്യം രംഗബോധമില്ലാത്ത കോമാളി വന്ന് സുധിയെ തട്ടി കൊണ്ട് പോയി. വല്ലാത്ത ഒരു പോക്കായി പോയി സുധീ. തൃശൂർ വരെ കാറിൽ ഇരുന്ന് നിങ്ങൾ പറഞ്ഞ തമാശകൾ എന്തെല്ലാമായിരിക്കും. എല്ലാം തമാശക്കാരല്ലേ ഒരു പാട് ചിരിച്ച് കാണും ഒടുവിൽ കരയാനായി .ആത്മാവിന് നിത്യശാന്തി കിട്ടാൻ പ്രാർത്ഥിക്കാം പ്രിയ കൂട്ടുകാരാ', പോസ്റ്റിൽ വിനോദ് പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ തൃശൂർ കൈപ്പമംഗലത്ത് വെച്ചായിരുന്നു സുധിയും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. വടകരിൽ പരിപാടി കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. കാർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉല്ലാസ് അരൂർ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. മുൻ സീറ്റിലായിരുന്നു സുധി ഇരുന്നിരുന്നത്. സുധിയെ എയർബാഗ് മുറിച്ചാണ് പുറത്തേക്കെടുത്തതെന്നും ചോരയിൽ കുളിച്ച നിലയിലായിരുന്നു സുധിയെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയത്. ആദ്യം ഡ്രൈവറെ എടുത്ത് പുറത്തിരുത്തുകയായിരുന്നു, ബഹളം കേട്ടതോടെ നാട്ടുകാരെത്തി മറ്റുള്ളവരെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കയറ്റി വിട്ടു', ദൃക്സാക്ഷി പറഞ്ഞു. വാഹനം ഓടിച്ച ഉല്ലാസ്, പിൻസീറ്റിലിരുന്ന നടൻ ബിനു അടിമാലി , മഹേഷ് എന്നിവർക്കും പരിക്കേറ്റു. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group