Join News @ Iritty Whats App Group

മണിപ്പൂരില്‍ വീണ്ടും സംഘർഷം: ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്, വീടുകള്‍ കത്തിച്ചു


ഇംഫാല്‍: ആശങ്ക ഉയർത്തി മണിപ്പൂരില്‍ വീണ്ടും സംഘർഷം. ബിഷ്ണുപൂർ ജില്ലയിൽ നടന്ന വ്യത്യസ്ത അക്രമ സംഭവങ്ങളിൽ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ജില്ലയിലെ ഫൗബക്കാവോയിൽ ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട ചില അക്രമികൾ മൂന്ന് വീടുകൾ കത്തിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പ്രതികാരമായി എതിർ സമുദായത്തിലെ ചില യുവാക്കൾ നാല് വീടുകൾ കത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അക്രമ സംഭവങ്ങൾ കണക്കിലെടുത്ത് ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലെ കർഫ്യൂ ഇളവ് ജില്ലാ അധികൃതർ റദ്ദാക്കി. നേരത്തെ സംഘർഷ സാഹചര്യം ലഘൂകരിക്കപ്പെട്ടതിനെ തുടർന്ന് കർഫ്യൂവിൽ രാവിലെ 5 മുതൽ വൈകിട്ട് 4 വരെ ഇളവ് നൽകിയിരുന്നു. ബുധനാഴ്ച പുലർച്ചെ ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌റാംഗിലെ ചില ഗ്രാമങ്ങളിൽ ആയുധധാരികളായ യുവാക്കൾ വീടുകള്‍ കയറി പരിശോധന നടത്തിയതായുള്ള റിപ്പോർട്ടുകളുമുണ്ട്. ബഹളം കേട്ട് മൊയ്‌റാങ്ങിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന അന്തേവാസികൾ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ പുറത്തേക്ക് ഇറങ്ങുകയും ചെയ്തു.

ചുരാചന്ദ്പൂർ തെൻഗ്ര ലെയ്‌കൈയിലെ തോജം ചന്ദ്രമണി എന്ന യുവാവാണ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. വെടിയുണ്ട ഇയാളുടെ ശരീരം തുളച്ച് കടന്നുപോയി. യുവാവിനെ കൊണ്ടുവന്ന ആശുപത്രിക്ക് സമീപം സംഘർഷാവസ്ഥ നിലനിന്നെങ്കിലും പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു.

സംസ്ഥാനത്ത് അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചും സർക്കാർ ശക്തമായ നടപടികള്‍ നടത്തി വരുന്നുണ്ടെങ്കിലും ചില മേഖലകളില്‍ ഇപ്പോഴും സംഘർഷ സാഹചര്യം നിലനില്‍ക്കുകയാണ്. അക്രമം നിയന്ത്രിക്കാൻ കേന്ദ്രസേനയുടെ നിരവധി കമ്പനികളെ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ചില മേഖലകളിൽ ആവർത്തിച്ചുള്ള അക്രമങ്ങൾ നേരിടാൻ സർക്കാർ 20 കമ്പനി കേന്ദ്ര സുരക്ഷാ സേനയെ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി എൻ. ബീരൻ സിങ് വ്യക്തമാക്കി.

മണിപ്പൂരില്‍ ഈ മാസം ആദ്യത്തോടെ പൊട്ടിപ്പുറപ്പെട്ട കാലപത്തില്‍ എഴുപതിലേറെ പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. മെയ്‌തേയ് സമുദായവും നാഗ, കുക്കി ഗോത്രവര്‍ഗക്കാരും തമ്മിലായി ദീർഘകാലമായി നില്‍ക്കുന്ന അസ്വാരസ്യങ്ങളാണ് സംഘർഷത്തിലേക്ക് നയിച്ചത്. റിസർവ് വനഭൂമിയിൽ നിന്ന് സംസ്ഥാനത്തെ മറ്റൊരു ജനവിഭാഗമായ കുക്കി ഗ്രാമവാസികളെ ഒഴിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള സംഘർഷവും കലാപത്തിന് ആക്കം കൂട്ടി.

Post a Comment

أحدث أقدم
Join Our Whats App Group