ദില്ലി: അക്കൗണ്ട് ലോക്ക് ചെയ്തെന്ന് പറഞ്ഞ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വ്യാജസന്ദേശം. സംശയാസ്പദമായ പ്രവർത്തനം കാരണം താങ്കളുടെ എസ്ബിഐ അക്കൗണ്ട് താൽക്കാലികമായി ലോക്ക് ചെയ്തിരുക്കുന്നുവെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങൾ നിരവധി ഉപയോക്താക്കൾക്ക് സമീപ ദിവസങ്ങളിൽ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക് ചെയ്ത് അതിൽ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കാനുമാണ് വ്യാജസന്ദേശത്തിന്റെ ഉള്ളടക്കം
ബാങ്കിംഗ് വിശദാംശങ്ങൾ പങ്കിടാൻ ആവശ്യപ്പെടുന്ന ഇമെയിലുകൾ/എസ്എംഎസ് എന്നിവയോട് ഒരിക്കലും പ്രതികരിക്കരുതെന്നും അത്തരം സന്ദേശങ്ങൾ phishing@sbi.co.in എന്ന വിലാസത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും പ്രസ് ഇൻഷർമേഷൻ ബ്യൂറോ ഫാക്റ്റ് ചെക്ക് ട്വീറ്റ് ചെയ്തു.
വ്യാജസന്ദേശങ്ങളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ സംഭവിക്കുന്നത്
ഇത്തരം വ്യാജ ലിങ്കുകളിൽ ക്ലിക് ചെയ്താൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളിലേക്ക് ആക്സസ് ലഭിച്ചേക്കാം. മാത്രമല്ല നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ ആവശ്യമായ വിവരങ്ങൾ തട്ടിപ്പുകാരന് ലഭിക്കുകയും ചെയ്യും. ഇത് വഴി ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്.
തട്ടിപ്പിൽ നിന്ന് എങ്ങനെ സുരക്ഷിതമായിരിക്കാം?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ ബാങ്കുകളും ഉപഭോക്താക്കളുടെ വ്യക്തിഗതവിവരങ്ങളോ, ബാങ്കിംഗ് വിവരങ്ങളോ ഒടിപി-കളോ പങ്കിടാൻ ആവശ്യപ്പെട്ട് വിളിക്കുകയോ എസ്എംഎസ് അയയ്‌ക്കുകയോ ചെയ്യില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. മാത്രമല്ല എസ്ബിഐയുടെ പേരിൽ ഇത്തരം സന്ദേശം ലഭിച്ചാൽ, നിങ്ങൾ ഉടൻ ബന്ധപ്പെട്ട ബാങ്കുമായി ബന്ധപ്പെടണം. മാത്രമല്ല, report.phishing@sbi.co.in എന്ന വിലാസത്തിൽ നിങ്ങൾക്ക് അത്തരം സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യുകയും വേണം. ഇത്തരം ലിങ്കുകളിൽ ക്ലിക് ചെയ്താൽ സ്വകാര്യവിവരങ്ങൾ നഷ്ടപ്പെടുമെന്നും, അതിനാൽ ജാഗ്രത പാലിക്കണമെന്നും ഫാക്ട് ചെക്ക് ഉപയോക്താക്കൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അക്കൗണ്ട് നമ്പറുകൾ, പാസ്‌വേഡുകൾ, ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ വാചക സന്ദേശത്തിലൂടെ ഉപഭോക്താക്കൾ ഒരിക്കലും വെളിപ്പെടുത്തരുതെന്നും എസ്ബിഐ അതിന്റെ വെബ്‌സൈറ്റിൽ സൂചിപ്പിക്കുന്നുണ്ട്.
إرسال تعليق