Join News @ Iritty Whats App Group

മണിപ്പൂർ കലാപത്തിൽ ആശങ്കയും വേദനയും ഉണ്ട്; കലാപം ഒന്നിനും പരിഹാരമല്ലെന്നും മാർത്തോമാ സഭ അധ്യക്ഷൻ


തിരുവല്ല: മണിപ്പൂർ കലാപം തുടരുന്നതിൽ ആശങ്കയും വേദനയും ഉണ്ടെന്നു മാർത്തോമാ സഭ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു. സാധാരണക്കാരായ മനുഷ്യരുടെ ജീവനും സ്വത്തിനും കനത്ത നഷ്ടമാണ് കലാപം മൂലമുണ്ടാ‌യത്. കലാപം തുടങ്ങാനുള്ള നീക്കം ആരുടെ ഭാഗത്ത് നിന്നുണ്ടായതായാലും അത് അത് ഒന്നിനും പരിഹാരമല്ല. എല്ലാവരും ആത്മസംയമനം പാലിക്കണമെന്നും മാർത്തോമ സഭാ അധ്യക്ഷൻ അഭിപ്രായപ്പെട്ടു. 

മാർത്തോമ സഭാ അധ്യക്ഷന്റെ പ്രസ്താവന

മണിപ്പൂരിൽ കലാപം ആളിക്കത്തുന്ന സാഹചര്യം സംജാതമാകുകയും അത് കെട്ടടങ്ങാതെ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയും ചെയ്യുന്നതിൽ ഏറെ വേദനയും ആശങ്കയും ഉണ്ട്. ആ സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവനും സ്വത്തിനും ഇതിനോടകം കനത്ത നഷ്ടം സംഭവിച്ചു. അനേകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നു. കലാപം ആരുടെ ഭാഗത്ത് നിന്നായാലും അത് ഒന്നിനും പരിഹാരമല്ല. വേദനയും, മുറിവുകളും, നഷ്ടങ്ങളുമാണ് സംജാതമാക്കുന്നത്. കലാപകാരികളോ ഇരകളോ ആരാണെന്നതിലുപരി മണിപ്പൂരിലുള്ള എല്ലാ സമൂഹങ്ങളും സംഘർഷങ്ങളിൽ നിന്നും ഒഴിഞ്ഞിരിക്കുകയും ആത്മസംയമനം പാലിക്കുകയുമാണ് ആവശ്യം. മണിപ്പൂരിൽ സമാധാനവും ഐക്യവും സാധ്യമാകുവാൻ എല്ലാവരും പ്രാർത്ഥിക്കണം. ഇപ്പോൾ നടത്തുന്ന പ്രശ്നപരിഹാര പരിശ്രമങ്ങളെ സർവ്വേശ്വരൻ ഫലകരമാകട്ടെ. 

സുരക്ഷ ശക്തമാക്കിയതോടെ മണിപ്പൂരില്‍ ഇന്ന് സംഘർഷത്തിന് അയവ് വന്നിട്ടുണ്ട്. കലാപ മേഖലകളില്‍ നിന്ന് ഇതുവരെ 23,000 പേരെയാണ് സൈന്യം ഒഴിപ്പിച്ചത്. കലാപത്തിന് പിന്നാലെ മ്യാൻമാറിൽ നിന്ന് വിഘടനവാദികൾ സംസ്ഥാനത്തേക്ക് നുഴഞ്ഞു കയറിയോ എന്ന സംശയം അന്വേഷണ ഏജൻസികള്‍ക്കുണ്ട്. ഇതുവരെ കലാപത്തില്‍ മരിച്ചത് 55 പേരാണെന്നാണ് വിവരം. സംഘർഷ സാഹചര്യത്തിന് അയവ് വന്നതോടെ മണിപ്പൂരിലെ കര്‍ഫ്യൂവിൽ ഇന്ന് രാവിലെ ഏഴു മുതല്‍ പത്ത് വരെ ഇളവ് നല്‍കിയിരുന്നു.  

അതിനിടെ, മണിപ്പൂരില്‍ ചീഫ് സെക്രട്ടറിയെ മാറ്റി. രാജേഷ് കുമാറിന് പകരം വിനീത് ജോഷിയാണ് പുതിയ ചീഫ് സെക്രട്ടറി. മണിപ്പൂരിലെ കലാപം സംസ്ഥാന സർക്കാർ കൈകാര്യം ചെയതതില്‍ കേന്ദ്രത്തിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ചീഫ് സെക്രട്ടറിയുടെ മാറ്റം. കേന്ദ്ര വിദ്യാഭ്യാസ വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായിരിക്കേയാണ് വിനീത് ജോഷിയെ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയാക്കിയത്. കാലാവധി പൂർത്തിയായിരുന്നെങ്കിലും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയായിരുന്ന രാജേഷ് കുമാറിന് ഒരു വർഷം കൂടി സർക്കാര്‍ നീട്ടി നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിക്ക് പുറമെ ചീഫ് വിജിലൻസ് കമ്മീഷണറായും വിനീത് ജോഷി പ്രവർത്തിക്കും.

Post a Comment

أحدث أقدم
Join Our Whats App Group