കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗിൽ നിന്ന് സ്വർണവും പണവും നഷ്ടപ്പെടുന്നത് പതിവാകുന്നു. ഹജ്ജ് തീർത്ഥാടനത്തിന് പോയ നാദാപുരം സ്വദേശിക്ക് നഷ്ടമായത് രണ്ടര ലക്ഷം രൂപയാണ്. പരാതികളിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ 29 ന് കരിപ്പൂർ വഴി ഉംറ തീർത്ഥാടനത്തിന് പോയ അബൂബക്കർ ജിദ്ദ വിമാനത്താവളത്തിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് വിലപ്പെട്ടതെല്ലാം നഷ്ടമായതറിഞ്ഞത്. ബാഗിന്റെ സിബ്ബ് അടർത്തി മാറ്റി രണ്ടരലക്ഷത്തോളം രൂപയും ഖത്തർ ഐഡി കാർഡും ഡ്രൈവിംങ് ലൈസൻസുമടക്കം മോഷ്ടിക്കപ്പെട്ടു. എയർലൈൻസ് അധികൃതരെ പരാതി അറിയിച്ചപ്പോൾ കോഴിക്കോട്ടാണ് അറിയിക്കേണ്ടതെന്ന് മറുപടി.
ദുരനുഭവം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചപ്പോഴാണ് താഴെ കമന്റുമായി സമാന അനുഭവസ്ഥരുമെത്തിയത്. നസീഹയ്ക്ക് പഴ്സിൽ സൂക്ഷിച്ച പതിനായിരം രൂപയും രണ്ടുപവൻ സ്വർണവുമാണ് നഷ്ടപ്പെട്ടത്.
കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നേരത്തെയും സമാന പരാതികൾ ലഭിച്ചെന്ന് പൊലീസ് പറയുന്നു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മോഷണം സംബന്ധിച്ച തെളിവുകളൊന്നും കിട്ടിയില്ല. അതേ സമയം ചെക്ക് ഇൻ ലഗേജിൽ സ്വർണവും പണവുമടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോകുന്നത് സുരക്ഷിതമല്ലെന്ന കാര്യമാണ് എയർലൈൻ അധികൃതർ ഓര്‍മിപ്പിക്കുന്നത്. പരാതി ലഭിച്ചതിൽ പരിശോധന നടത്തുമെന്നും കമ്പനി അറിയിച്ചു.
إرسال تعليق