Join News @ Iritty Whats App Group

കോട്ടയത്ത് പങ്കാളി കൈമാറ്റം പുറത്തുകൊണ്ടു വന്ന യുവതിയെ ഭർത്താവ് വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തി




കോട്ടയം: കറുകച്ചാലിൽ സമൂഹമാധ്യമങ്ങൾ വഴി പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയെ മണർകാട് മാലത്ത് വീട്ടുമുറ്റത്ത് വെട്ടേറ്റുമരിച്ചനിലയിൽ കണ്ടെത്തി. 26 കാരിയുടെ കൊലയ്ക്ക് പിന്നില്‍ കേസിലെ പ്രതിയായ ഭർത്താവെന്നാണ് സംശയം. ഭർത്താവുമായി പിണങ്ങി മക്കളോടൊപ്പം സ്വന്തം വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഭർത്താവാണ് അക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പൊലീസിനു മൊഴി നൽകി. രാവിലെ വീട്ടിലെത്തി ആക്രമണം നടത്തിയശേഷം ഇയാൾ രക്ഷപ്പെട്ടെന്നാണ് പരാതി.

വീട്ടുമുറ്റത്ത് രക്തംവാർന്ന് കിടക്കുന്ന യുവതിയെ ആദ്യം കണ്ടത് മക്കളാണ്. മക്കൾ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീട് പുറത്തുപോയിരിക്കുകയായിരുന്നു. പിന്നീട് ഇവർ തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കമിഴ്ന്നുകിടക്കുന്ന നിലയിൽ അമ്മയെ കണ്ടത്. അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞവർഷം ജനുവരിയിലാണ് കോട്ടയം കറുകച്ചാലിൽ സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ ആളുകളെ അറസ്റ്റ് ചെയ്തത്. യുവതി ഭർത്താവിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. നാല് പേർക്കൊപ്പം പോകണമെന്നു നിർബന്ധിക്കുകയും ബലമായി പ്രകൃതിവിരുദ്ധ വേഴ്ചയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തെന്നു പരാതിയിൽ പറയുന്നു.

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളിൽ ആയിരക്കണക്കിന് ദമ്പതിമാർ അടക്കം 5000 അംഗങ്ങൾ വരെയുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. യുവതിയുടെ പരാതി ലഭിച്ചതിനു പിന്നാലെ കറുകച്ചാൽ പൊലീസ് പല ടീമുകളായി തിരിഞ്ഞു സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ആലപ്പുഴ തുമ്പോളി കടപ്പുറം, പുന്നപ്ര, എറണാകുളം കലൂർ, കോട്ടയം കൂരോപ്പട, അയ്മനം എന്നീ സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. അംഗങ്ങളിൽ പലരും പണം വാങ്ങിയാണ് ഭാര്യമാരെ കൈമാറുന്നതെന്നും കണ്ടെത്തി. സമൂഹത്തിൽ ഉന്നത ജീവിത നിലവാരം പുലർത്തുന്നവരടക്കം ഗ്രൂപ്പുകളിൽ അംഗങ്ങളാണ്.

Post a Comment

أحدث أقدم
Join Our Whats App Group