കോഴിക്കോട്: മുഖ്യമന്ത്രിയായിരിക്കെ വി എസ് അച്യുതാനന്ദൻ നടത്തിയ പ്രസ്താവനയാണ് യോഗി ആദിത്യനാഥ് അടക്കമുള്ളവർ ആയുധമാക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. വി എസ് ജീവിച്ചിരിക്കുമ്പോൾ സിപിഎം അത് തിരുത്താൻ തയ്യാറാകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. നിയമ നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സർക്കാറാണ്. എന്നാൽ, ഖേദകരമായ നിലപാടാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രി വെറും പ്രസ്താവന മാത്രം നടത്തുകയാണെന്നും ഫിറോസ് പറഞ്ഞു.
കുറെ നാളുകളായി നടക്കുന്ന പ്രചരണത്തിൻ്റെ ബാക്കിയാണ് ഇപ്പൊൾ സിനിമയിലൂടെ വന്നിരിക്കുന്നത്. ലൗ ജിഹാദ് അടക്കം എല്ലാത്തിന്റെയും കേന്ദ്രം കേരളം എന്ന കള്ളം പ്രചരിപ്പിക്കുന്നു. 32000 മലയാളി സ്ത്രീകൾ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നുവെന്ന് കള്ളം പറയുന്നു. അങ്ങനെയെങ്കിൽ ചുരുങ്ങിയത് 30 പേരെങ്കിലും ഒരു പഞ്ചായത്തിൽ നിന്ന് ഉണ്ടാകും. ഇവരുടെ ലിസ്റ്റ് തന്നാൽ ഒരു കോടി രൂപ ഇനാം യൂത്ത് ലീഗ് തരും. വിദ്വേഷം പ്രചരിപ്പിക്കുന്ന ആർക്കും ചലഞ്ച് ഏറ്റെടുക്കാം. സിനിമക്കെതിരെ യൂത്ത് ലീഗ് നിയമ നടപടി സ്വീകരിക്കുമെന്നും ഫിറോസ് പറഞ്ഞു.
إرسال تعليق