Join News @ Iritty Whats App Group

പ്രതിഷേധമാർച്ചുമായി ഗുസ്തിതാരങ്ങൾ; സാക്ഷി മാലിക് ഉൾപ്പടെ കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് ഉദ്ഘാടനദിനം പ്രതിഷേധമാർച്ചുമായി ഗുസ്തിതാരങ്ങൾ. ബ്രിജ് ഭൂഷണ്‍ എം പിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ടാണ് ജന്തര്‍മന്ദറില്‍ നിന്ന് പാര്‍ലമെന്റിലേക്കുള്ള ഗുസ്തിതാരങ്ങളുടെ പ്രതിഷേധ മാര്‍ച്ച്. അതിനിടെ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. സാക്ഷി മാലിക് ഉൾപ്പടെയുള്ള ഗുസ്തിതാരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മാർച്ച് തുടങ്ങിയതിന് പിന്നാലെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ചാടിക്കടന്ന ഗുസ്തി താരങ്ങള്‍ മുന്നോട്ട് പോവുകയായിരുന്നു. പ്രതിഷേധം തടയാൻ വൻ പൊലീസ് സന്നാഹത്തെയാണ് ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും അവരെ മറികടന്നാണ് താരങ്ങള്‍ മുന്നോട്ടുപോയത്. വിനേഷ് ഫൊഗട്ടും, ബജ്റംഗം പൂനിയയും സാക്ഷി മാലിക്കും അടക്കമുള്ളവരാണ് മാര്‍ച്ച്‌ നയിച്ചത്.

അതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത സാക്ഷിമാലിക്കിനെ മർദിച്ചതായി ആരോപണം ഉയർന്നു. ഗുസ്തിതാരങ്ങൾ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. റോഡിൽ കുത്തിയിരുന്നവരെ വഴിച്ചിഴച്ച്‌ നീക്കം ചെയ്തുവെന്ന് ആക്ഷേപമുണ്ട്. പൊലീസ് സമരക്കാരെ പൂർണമായും വളഞ്ഞു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധപരിപാടിയായ ‘മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്’ എന്തുവിലകൊടുത്തും നടത്തുമെന്ന് നേരത്തേ ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്‍റ് മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ഗുസ്തിതാരങ്ങൾ അവിടേക്ക് മാർച്ച് നടത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group