മലപ്പുറം: ഇരിങ്ങല്ലൂർ യാറംപടിയിലെ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ കഴുത്തിൽ സാരി മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭാര്യയുടെ കാമുകനും കൂട്ടുപ്രതിയുമായ യുവാവിനെ ബിഹാറിൽനിന്ന് വേങ്ങര പൊലീസ് പിടികൂടി. ബിഹാർ സ്വാംപുർ സ്വദേശി ജയ് പ്രകാശാണ് (27) അറസ്റ്റിലായത്. ഭർത്താവിനെ കൊലപ്പെടുത്താൻ യുവതിക്ക് മൊബൈൽ ഫോൺ വഴി നിർദേശം നൽകിയത് ഇയാളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
കൊലയ്ക്ക് തൊട്ടുമുമ്പ് ഇരുവരും സംസാരിച്ചിരുന്നതായി കോൾ ലിസ്റ്റിൽനിന്ന് മനസ്സിലാക്കിയ പൊലീസ് പ്രതിയെ തേടി ബിഹാറിലെത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. രണ്ടാം തവണ തന്ത്രപൂർവം കെണിയൊരുക്കിയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 31നാണ് കോട്ടക്കൽ റോഡിലെ യാറംപടി പി കെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബിഹാർ സ്വദേശിയും 33കാരനുമായ സൻജിത് പസ്വാൻ (33) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ പൂനം ദേവിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ജയ് പ്രകാശിനെ മലപ്പുറം കോടതിയിൽ ഹാജരാക്കി. അന്വേഷണത്തിന് ഡിവൈ എസ് പി അബ്ദുൽ ബഷീർ, സി. ഐ മുഹമ്മദ് ഹനീഫ എന്നിവരാണ് നേതൃത്വം നൽകിയത്. എസ് ഐ മുജീബ് റഹ്മാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സഹേഷ്, ദിനേഷ് കുമാർ, സിപിഒ സലീം എന്നിവരടങ്ങിയ സംഘമാണ് ബിഹാറിലെത്തി പ്രതിയെ പിടികൂടിയത്.
إرسال تعليق