Join News @ Iritty Whats App Group

താനൂരിൽ കണ്ടെത്തേണ്ടത് ഒരാളെ? നാവികസേനതിരച്ചിലിനെത്തി; തെരച്ചിൽ വെല്ലുവിളി


കൊച്ചി: താനൂരിൽ ബോട്ടപകടം നടന്ന സ്ഥലത്ത് ഇനി ഒരാളെ മാത്രമാണ്‌ കണ്ടെത്താനുള്ളതെന്ന് പൊലീസ് നിഗമനം. കൂടുതൽ പേരെ കാണാതായെന്ന് രക്ഷപ്പെട്ടവരോ ബന്ധുക്കളോ ഇതുവരെ പറഞ്ഞിട്ടില്ല. ബോട്ടിൽ നാൽപതു പേർ ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞതെങ്കിലും ഇതിൽ വ്യക്തത വന്നിട്ടില്ല. അതേസമയം അഞ്ച് പേർ തങ്ങൾ ടിക്കറ്റെടുത്തെങ്കിലും ബോട്ടിൽ കയറിയില്ലെന്നും വ്യക്തമാക്കി. ഇതുവരെ 22 പേരാണ് സംഭവത്തിൽ മരണമടഞ്ഞത്. 10 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അഞ്ച് പേർ നീന്തിക്കയറിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ജില്ലാ കളക്ടറുടെ അഭ്യർത്ഥന പ്രകാരം ഇന്ത്യൻ നേവി സംഘം സ്ഥലത്തെത്തി. ഇവർ ദേശീയ ദുരന്ത നിവാരണ സേനയുമായി സംസാരിക്കുകയാണ്. ഇനി നേവിയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുക. അതേസമയം ഉൾവലിവുള്ളത് തെരച്ചിലിൽ വെല്ലുവിളിയാണെന്ന് എൻഡിആർഎഫിന്റെ മുങ്ങൽ വിദഗ്ദ്ധർ വ്യക്തമാക്കി.

അപകടവുമായി ബന്ധപ്പെട്ട് ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. താനൂർ സ്വദേശി നാസറിന് എതിരെയാണ് കേസെടുത്തത്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. നരഹത്യ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പോലീസിന്റെ എഫ്ഐആറിൽ പറയുന്നു. 

അപകടത്തിൽ പെട്ട അറ്റ്ലാന്റിക് എന്ന ബോട്ട് മുൻപ് മത്സ്യബന്ധന ബോട്ടായിരുന്നു. ഇതിനെ രൂപമാറ്റം വരുത്തിയാണ് താനൂരിൽ വിനോദസഞ്ചാരത്തിനായി ഉപയോഗിച്ചിരുന്നത്. ബോട്ടിന് ഫിറ്റ്നസ് ലഭിച്ച കാര്യത്തിൽ അടക്കം പോലീസ് പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന തുറമുഖ വകുപ്പ്, ഇൻലാന്റ് നാവിഗേഷൻ കോർപറേഷൻ എന്നിവരുടെ ലൈസൻസ് ബോട്ടിന് ഉണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ലൈസൻസ് നമ്പർ ബോട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group