കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം കോൺഗ്രസ് സർക്കാർ പിൻവലിക്കുമെന്ന് നിയുക്ത എം എല്‍ എ കനീസ് ഫാത്തിമ . പാർട്ടിയുടെ സംസ്ഥാനത്തെ ഏക മുസ്ലീം വനിതാ എം എൽ എകൂടിയാണ് കനീസ് ഫാത്തിമ. "വരും ദിവസങ്ങളിൽ ഞങ്ങൾ ഹിജാബ് നിരോധനം പിൻവലിക്കും, ഞങ്ങൾ ആ പെൺകുട്ടികളെ ക്ലാസ് മുറികളിലേക്ക് തിരികെ കൊണ്ടുവരും, അവർക്ക് അവരുടെ പരീക്ഷ എഴുതാൻ കഴിയും"-ഫാത്തിമ പറഞ്ഞു.
ഹിജാബ് നിരോധനത്തിലൂടെ അവർക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട രണ്ട് വർഷങ്ങളാണെന്നും എം എല്‍ എ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് വളരെ കഠിനാധ്വാനം ചെയ്തതു. ഇത് കടുത്ത മത്സരമായിരുന്നു. പക്ഷേ ഈ വിജയത്തിന് ഞാൻ ദൈവത്തോട് നന്ദിയുള്ളവളാണ്. ഖാർഗെ പാർട്ടി അധ്യക്ഷനായതു മുതൽ ഞങ്ങൾ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അദ്ദേഹം വലിയ പ്രസംഗങ്ങൾ നടത്തി, അത് ആളുകളിൽ വലിയ സ്വാധീനം ചെലുത്തി, അതിന്റെ ഫലം ഇപ്പോൾ നിങ്ങളുടെ മുന്നിലുണ്ടെന്നും കനീസ് ഫാത്തിമ പറഞ്ഞു.
2017 സെപ്റ്റംബറിൽ ഭർത്താവ് ഖമർ ഉൾ ഇസ്ലാമിന്റെ മരണശേഷം 2018-ലാണ് ഫാത്തിമ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അന്ന് പരാജയപ്പെട്ട കനീസ് ഫാത്തിമ 2022 ഫെബ്രുവരിയിൽ ഹിജാബ് നിരോധനത്തിനെതിരെ കൽബുർഗിയിൽ മുസ്ലീം പെൺകുട്ടികളുടെ പ്രതിഷേധത്തിന് നേതൃത്വം നൽകുകയും ചെയ്തിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നിരോധനം നീക്കുന്നതിനെക്കുറിച്ച് പാർട്ടി ഒരു പ്രഖ്യാപനവും നടത്തിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. കർണാടകയിലെ 224 നിയമസഭാ സീറ്റുകളിൽ 135 സീറ്റോടെ വ്യക്തമായ ഭൂരിപക്ഷം നേടിയ പാർട്ടി മുന്നോട്ട് വെച്ച പ്രധാനപ്പെട്ട 5 വാഗ്ധാനങ്ങള്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പിലാക്കുമെന്നാണ് നേതാക്കളെല്ലാം വ്യക്തമാക്കിയിരിക്കുന്നത്.
ഗുൽബർഗ ഉത്തർ മണ്ഡലത്തിൽ ബിജെപിയുടെ ചന്ദ്രകാന്ത് ബി പാട്ടീലിനെ 2712 വോട്ടുകൾക്കായിരുന്നു ഫാത്തിമ പരാജയപ്പെടുത്തിയത്. 2021 ഡിസംബറിൽ ഉഡുപ്പിയിലെ ഒരു കോളേജ് ഹിജാബ് ധരിച്ചെത്തി ആറ് പെൺകുട്ടികളെ ക്ലാസുകളിൽ നിന്ന് തടഞ്ഞതിനെത്തുടർന്നായിരുന്നു കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച വിവാദം പൊട്ടിപ്പുറപ്പെട്ടത്. പെൺകുട്ടികൾ കോളേജിൽ പ്രതിഷേധ പ്രകടനം നടത്തുകയും വൈകാതെ ഇത്തരം പ്രകടനങ്ങൾ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ ഫെബ്രുവരി 5 ന് കർണാടക സർക്കാർ "സമത്വവും സമഗ്രതയും പൊതു ക്രമവും തടസ്സപ്പെടുത്തുന്ന" വസ്ത്രങ്ങൾ നിരോധിച്ചുകൊണ്ട് ഉത്തരവ് പാസാക്കി. ഫലത്തില്‍ സർക്കാർ കോളേജുകളില്‍ ഹിജാബിന് നിരോധനം വന്നു. ഉഡുപ്പി കോളേജിലെ ആറ് പെൺകുട്ടികൾ കർണാടക ഹൈക്കോടതിയിൽ ഈ ഉത്തരവിനെ ചോദ്യം ചെയ്തെങ്കിലും വിലക്ക് ശരിവെക്കപ്പെട്ടു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമല്ലെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.
ഈ വിധി പിന്നീട് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും ഒക്ടോബറില്‍ ഇരട്ട വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഇതേ തുർന്ന് ഭാവി നടപടികളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾക്കായി വിഷയം ചീഫ് ജസ്റ്റിസിന്റെ മുമ്പാകെ വയ്ക്കുമെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. വിഷയം കേൾക്കാൻ സുപ്രീം കോടതി ഇതുവരെ ബെഞ്ച് രൂപീകരിച്ചിട്ടില്ല.
അതേസമയം, ഹിജാബ് നിരോധനം ഏർപ്പെടുത്തുന്നതിന് ചുക്കാന്‍ പിടിച്ച കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് തിപ്റ്റൂരില്‍ പരാജയപ്പെട്ടു. 17,652 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നാഗേഷിനെ കോൺഗ്രസ് സ്ഥാനാർത്ഥി കെ ഷഡാക്ഷരി പരാജയപ്പെടുത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഹിജാബ് നിരോധനം ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ഏകീകരിക്കപ്പെടുന്നതില്‍ നിർണ്ണായകമായെന്നും വിലയിരുത്തപ്പെടുന്നു.
إرسال تعليق