കാസര്‍കോട്: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കേരള - കർണാടക അതിർത്തിയായ കേന്യയിലെ കുമാരധാര പുഴയിലാണ് അപകടം ഉണ്ടായത്. സഹോദരികളായ ഹംസിത (15 ), ഹവന്ദിക (11) എന്നിവരാണ് മരിച്ചത്. വൈകീട്ട് ആറ് മണിക്കാണ് വീടിനടുത്തുള്ള പുഴയിൽ ഇവർ കുളിക്കാനിറങ്ങിയത്. പിന്നീട് ഇരുവരെയും കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് രണ്ടര മണിക്കൂറിന് ശേഷം മൃതദേഹങ്ങൾ കിട്ടിയത്.
അതിനിടെ, ആലപ്പുഴയിലെ അമ്പലപ്പുഴയില്‍ ആറ്റിൽ നീന്തുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട ഐക്യത്തറ വീട്ടിൽ മുരളി ആശ ദമ്പതികളുടെ മകൻ ബാലു മുരളി (15) യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. മറ്റ് ആറ് സുഹൃത്തുക്കൾക്കൊപ്പം പുറക്കാട് തൈച്ചിറ കന്നിട്ടക്കടവിന് വടക്ക് ടി എസ് കനാലിന് കുറുകെ ഇടയാടിച്ചിറയിലേക്ക് നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഇതു കണ്ട നാട്ടുകാർ ഉടൻ തന്നെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പലപ്പുഴ ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു ബാലു.
إرسال تعليق