കൊച്ചി: പൊലീസിന് നേരെ ആക്രമണം നടത്തിയ യുവ നടനും വിഷ്വല്‍ എഡിറ്ററും കൊച്ചിയില്‍ പിടിയില്‍. ഇന്നലെ രാത്രിയാണ് സംഭവം. വിവിധ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സനൂപ്, വിഷ്വല്‍ എഡിറ്ററായ പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. വാഹന പരിശോധനയ്ക്കിടെ സംഘം സഞ്ചരിച്ച നാല് ബൈക്കുകള്‍ നോർത്ത് പൊലീസ് തടഞ്ഞ് നിർത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഇവർ തയ്യാറായില്ല.
സഞ്ചരിച്ച വാഹനങ്ങളില്‍ ആവശ്യമായ രേഖകളും ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഇവർ നോർത്ത് സിഐ അടക്കമുള്ളവരോട് തട്ടിക്കയറുകയായിരുന്നു. തുടർന്ന് ഇരുവരും പൊലീസിന് നേരെ ആക്രമം അഴിച്ച് വിടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഇവരുടെ കൂടെയുണ്ടായിരുന്ന മൂന്ന് പേർ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. ബാക്കിയുള്ള രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
ഓടിപ്പോയവരെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ആകെ എട്ടുപേരായിരുന്നു സംഘത്തിലുണ്ടായിരുന്നു. ഇവരില്‍ അറസ്റ്റ് രേഖപ്പെടുത്തപ്പെട്ട രണ്ട് പേർ ഉള്‍പ്പടെ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും വിവരമുണ്ട്. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് സനൂപ്. ദുൽഖർ സൽമാൻ നായകനായ 'കിങ് ഓഫ് കൊത്ത' എന്ന സിനിമയുടെ ഷൂട്ടിനാണ് ഇവർ കൊച്ചിയിലെത്തിയത് പൊലീസിനെ ഉദ്ധരിച്ച് മീഡിയ വണ്‍ റിപ്പോർട്ട് ചെയ്യുന്നു.
പൊലീസ് ലഹരി ഉപയോഗിച്ചിരുന്നുവോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവര്‍ സഞ്ചരിച്ച ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരിക്കടത്ത് നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് വാഹന പരിശോധന നടത്തിയത്.
إرسال تعليق