കോഴിക്കോട്: എസ്എസ്എൽസി ഫലം പുറത്ത് വന്നതോടെ വിദ്യാർത്ഥികളെ വീണ്ടും ആശങ്കയിലാഴ്ത്തി മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം. ആറ് ജില്ലകളിലായി 30652 പ്ലസ് വൺ സീറ്റുകളുടെ കുറവാണുള്ളത്.
മലബാറിൽ ഇക്കുറി 225702 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകൾ 195050 മാത്രമാണ്. യോഗ്യത നേടിയവർക്കെല്ലാം തുടർന്ന് പഠിക്കണമെങ്കിൽ 30652 സീറ്റുകളുടെ കുറവാണ് ഉള്ളത്. സിബിഎസ്ഇ കുട്ടികളുടെ എണ്ണം കൂടി കൂട്ടിയാലത് പിന്നെയും കൂടും. വിജയശതമാനം കൂടിയത് കൊണ്ട് ഇഷ്ടവിഷയം പഠിക്കാനുള്ള അവസരത്തിനും വെല്ലുവിളിയാകും. കഴിഞ്ഞ കൊല്ലത്തെപ്പോലെ സീറ്റ് വർധിപ്പിക്കുകയെന്നത് പരിഹാരമല്ലെന്നും അത് പഠന നിലവാരത്തെ വലിയ തോതിൽ ബാധിക്കുന്നുവെന്നുമാണ് അധ്യാപകരുടെ പരാതി.
സീറ്റ് ക്ഷാമം പഠിച്ച വി കാർത്തികേയൻ കമ്മിറ്റി മലബാറിൽ 150 അധിക ബാച്ചുകൾ വേണമെന്നാണ് സർക്കാരിന് നൽകിയ ശുപാർശ. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ കുട്ടികൾ തീരെ കുറഞ്ഞ ബാച്ചുകൾ ഇവിടേക്ക് മാറ്റാമെന്നുമാണ് കമ്മിറ്റിയുടെ നിർദേശം. സ്കൂളുകളിൽ സൗകര്യമൊരുക്കുന്നത് മുതൽ തുടങ്ങുന്ന പ്രതിസന്ധികൾ കാരണം ശുപാർശയിലെ നിർദേശങ്ങൾ നടപ്പാക്കുകയെളുപ്പമല്ല. അതേസമയം, കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം കുറവാണെന്നതിനാൽ പ്രതിസന്ധി അന്നത്തെയത്ര രൂക്ഷമാകാതിരിക്കാനാണ് സാധ്യത.
إرسال تعليق