Join News @ Iritty Whats App Group

വീൽചെയറില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് ; ഷെറിന്‍ ഷഹാനയുടെ വിജയത്തിന് ഇരട്ടിമധുരം

വീല്‍ചെയറില്‍ ഇരുന്ന് ഇരുപത്തിരണ്ടാം വയസില്‍ അക്ഷരം എഴുതി പഠിച്ച ഒരാള്‍ കീഴടക്കിയത് എല്ലാവരും സ്വപ്നം കാണുന്ന സിവില്‍ സര്‍വീസ് പരീക്ഷ. വയനാട് കമ്പളക്കാട് സ്വദേശി പരേതനായ ടി.കെ ഉസ്മാന്റെ മകള്‍ ഷെറിന്‍ ഷഹാനയാണ് 913 -ാം റാങ്ക് നേടിയത്. ആരെയും വിസ്മയിപ്പിക്കുന്നതാണ് ഷെറിന്‍ ഷഹാനയുടെ വിജയം . 2017ല്‍ സംഭവിച്ച ഒരു അപകടം ഈ പെണ്‍കുട്ടിയുടെ ജീവിതം തന്നെ മാറ്റി മറിച്ചിരുന്നു. അലക്കിയിട്ട തുണിയെടുക്കാൻ വേണ്ടി ടെറസിൽ കയറിയ ഷഹാന കാൽ വഴുതി താഴേക്ക് വീണു. പി.ജിക്ക് പഠിക്കുന്ന സമയമായിരുന്നു അന്ന്. വീഴ്ചയിൽ വാരിയെല്ല് പൊട്ടി. പിതാവ് മരിച്ചതിന്റെ ഞെട്ടലിൽ നിന്ന് മോചിതയാകും മുമ്പെയായിരുന്നു ഷഹാനയുടെ അപകടം. തുടര്‍ന്ന് ഒരു മാസത്തോളം ആശുപത്രി കിടക്കയില്‍ അബോധാവസ്ഥയിലായിരുന്നു.

ഓര്‍മകളെല്ലാം നഷ്ടപ്പെട്ടു. പഠിച്ച അക്ഷരങ്ങളക്കം. ഇവിടെ നിന്നാണ് ഷഹാനയുടെ രണ്ടാം ജീവിതം തുടങ്ങുന്നത്. നടക്കാനോ കൈ അനക്കാനോ പറ്റാത്ത അവസ്ഥ. പക്ഷെ തോറ്റുകൊടുക്കാന്‍ ഷഹാന തയാറായില്ല. ഐ.എ.എസ് എന്ന സ്വപ്നം നേടാനായി അവള്‍ കഠിനമായി പ്രയത്നിച്ചു. അപകടത്തിന് ശേഷം തന്നിലേക്ക് വന്നുചേർന്നതൊരു പുതിയ ജീവിതമാണെന്നാണ് ഷഹാന പറയുന്നത്. അതുവരെ എന്തൊക്കെ ചെയ്‌തോ അതൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. പുസ്തകം എടുത്ത് മറിക്കാൻ പോലും കഴിയാത്ത സ്ഥിതിയില്‍ നിന്നും തളരാതെ നിശ്ചയദാർഢ്യത്തോടെ കാര്യങ്ങളെ ധീരമായി നേരിട്ടതോടെ ഷഹാനയുടെ രണ്ടാം ജന്മം തന്നെയായിരുന്നു അത്.

നീണ്ട നാളത്തെ ആശുപത്രി വാസത്തിന് ശേഷം വെല്ലൂരിലെ റിഹാബിലേറ്റഷൻ സെന്ററിൽ നിന്നായിരുന്നു ഷഹാനയില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങിയത്. രോഗം മാറുമെന്ന പ്രതീക്ഷിച്ച് ഇരിക്കാതെ തന്റെ സ്വപ്‌നങ്ങൾക്ക് പിന്നാലെ പോകണമെന്ന അവരുടെ ഉപദേശം ഷഹാനയുടെ ജീവിതത്തിലെ വഴിത്തിരിവായി. വെല്ലൂരില്‍ കഴിഞ്ഞ നാളുകളിലാണ് വീണ്ടും എഴുതിപ്പഠിക്കുന്നത്. അതുവരെ പഠിച്ചതെല്ലാം മറന്ന ഷഹാന, മലയാളത്തിലേയും ഇംഗ്ലീഷിലേയും ഓരോ അക്ഷരങ്ങൾ പിന്നീട് പഠിച്ച് എടുക്കുകയായിരുന്നു.

സാവധാനം ആത്മവിശ്വാസം വീണ്ടെടുത്ത് തന്നെ കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളൊക്കെ കുറിച്ചിടുകയാണ് ഷഹാന ആദ്യം ചെയ്തത്. വീല്‍ ചെയറില്‍ ഇരുന്ന് ട്യൂഷനെടുത്തും കുട്ടികള്‍ക്ക് ക്ലാസുകളെടുത്തും ഷഹാന വീണ്ടും സജീവമായി. ഒപ്പം തന്റെ ഐ.എ.എസ് എന്ന ആഗ്രഹത്തേയും കൂടെക്കൂട്ടി. ഇപ്പോഴിതാ മറ്റൊരു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നു, വീൽ ചെയറിലിരുന്നും ഐ.എ.എസൊക്കെ നേടാമെന്ന് കാണിച്ചുതരികയാണ് ഷഹാന.

പെരിന്തൽമണ്ണ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ സിവിൽ സർവ്വീസ്‌ അക്കാദമിയിലൂടെയാണ് ഷെറിന്‍ ഷഹാന പരിശീലനം നേടിയത്.

Post a Comment

أحدث أقدم
Join Our Whats App Group