ബെംഗളൂരു: കര്‍ണാടകയില്‍ ചരിത്ര വിജയം ഉറപ്പിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരു വരുമെന്നതില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകളാരംഭിച്ചു. മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായേക്കും. ഡി കെ ശിവകുമാറിന് പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കിയേക്കുമെന്നും വിവരമുണ്ട്. തിരഞ്ഞെടുപ്പില്‍ കാര്യമായി സഹായിച്ച വൊക്കലിഗ സമുദായത്തെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ ആലോചിക്കുന്നത്.
ജയിച്ച എംഎല്‍എമാരില്‍ അധികവും സിദ്ധരാമയ്യയെ പിന്തുണക്കുന്നവരാണ്. ബിജെപിയേക്കാള്‍ ഇരട്ടിയിലേറെ സീറ്റുകള്‍ നേടി വിജയിച്ച കോണ്‍ഗ്രസിന് മുമ്പില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കങ്ങളില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കുക എന്നത് പ്രധാനമാണ്. 2013 മുതല്‍ 2018 വരെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന പരിചയ സമ്പത്തുണ്ട് സിദ്ധരാമയ്യക്ക് അതുകൊണ്ട് തന്നെ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന അഭിപ്രായമാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുളളത്. അതേസമയം മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് ഖാര്‍ഗെ വ്യക്തമാക്കിയത്. കര്‍ണാടകയില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജി പരമേശ്വരനും ഉപമുഖ്യമന്ത്രിയായേക്കും.
കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകള്‍ മറികടന്ന് വലിയ വിജയമാണ് കോണ്‍ഗ്രസ് കന്നട മണ്ണില്‍ നേടിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസ് 138, ബിജെപി 62, ജെഡിഎസ് 21 എന്നിങ്ങനെയാണ് നില. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയാണ്, പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ സംസ്ഥാനത്ത് തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും കനത്ത തോല്‍വി അഭിമൂഖീകരിച്ചത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ച് മൂര്‍ച്ഛയുള്ള ആയുധം കൂടിയാണ് കൈയ്യില്‍ വന്നുചേര്‍ന്നിരിക്കുന്നത്. പാര്‍ട്ടിയെ മികച്ച ഭൂരിപക്ഷത്തിലേക്ക് നയിച്ച നിരവധി ഘടകങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കും നിര്‍ണായക പങ്കുണ്ടെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.
വോട്ടെടുപ്പിന് പിന്നാലെ വന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ഭൂരിഭാഗവും തൂക്കു മന്ത്രിസഭ പ്രവചിച്ചപ്പോള്‍ ഇതെല്ലാം നിക്ഷ്പ്രഭമാക്കികൊണ്ടാണ് വോട്ടെണ്ണല്‍ ഫലം പുറത്തുവന്നത്. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ തന്നെ കോണ്‍ഗ്രസിന്റെ മുന്നേറ്റം കാണാന്‍ സാധിച്ചിരുന്നു.
Ads by Google
إرسال تعليق