Join News @ Iritty Whats App Group

ഗോഫസ്റ്റ് വിമാനക്കമ്ബനി പാപ്പറായത് കണ്ണൂര്‍ വിമാനത്താവളത്തിനും തിരിച്ചടിയായി

ഗോഫസ്റ്റ് വിമാനക്കമ്ബനി പാപ്പറായത്  കണ്ണൂര്‍ വിമാനത്താവളത്തിനും തിരിച്ചടിയായി. മാസംതോറും നടത്തിയിരുന്ന 240 വിദേശ സര്‍വീസുകള്‍ ഒറ്റയടിക്ക് ഇല്ലാതായി. കണ്ണൂരില്‍ ഇനി ശേഷിക്കുന്നത് എയ‌ര്‍ഇന്ത്യ എക്സ്‍പ്രസ്, ഇന്‍ഡിഗോ വിമാനക്കമ്ബനികള്‍ മാത്രം. വിദേശ കമ്ബനികള്‍ കണ്ണൂരിലേക്ക് വരാന്‍ കേന്ദ്രം അനുവദിക്കുന്നില്ല. കണ്ണൂ‌ര്‍ വിമാനത്താവളം 150 കോടി വാര്‍ഷിക നഷ്‌ടത്തില്‍

തിരുവനന്തപുരം: സ്വകാര്യ വിമാനക്കമ്ബനിയായ ഗോ ഫസ്റ്റ് വിമാനക്കമ്ബനി സാമ്ബത്തിക പ്രതിസന്ധി കാരണം പൊളിഞ്ഞത് കണ്ണൂര്‍ വിമാനത്താവളത്തിന് വന്‍ തിരിച്ചടിയായി.

കണ്ണൂരില്‍ നിന്ന് ഗോ ഫസ്റ്റ് പ്രതിമാസം നടത്തുന്ന 240 വിദേശ സര്‍വ്വീസുകള്‍ ഒറ്റയടിക്ക് ഇല്ലാതാവുകയാണ്. ഗള്‍ഫ് മേഖലയിലേക്ക് ചെലവുകുറഞ്ഞ യാത്രാസൗകര്യം നല്‍കിയിരുന്ന ഗോ ഫസ്റ്റ് നിര്‍ത്തുന്നത് പ്രവാസികളെയും ബാധിക്കും. എയര്‍ഇന്ത്യ എക്‌സ്‍പ്രസ്, ഇന്‍ഡിഗോ എന്നിവ മാത്രമാണ് കണ്ണൂരില്‍ നിന്ന് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഗോ ഫസ്റ്റ് നടത്തിയിരുന്ന മുംബയിലേക്കുള്ള ഏക സര്‍വീസും ഇതോടെ ഇല്ലാതായി.

ഗോ ഫസ്റ്റിനു പുറമേ എയര്‍ ഇന്ത്യ നേരത്തെ വിദേശ സര്‍വീസ് നടത്തിയിരുന്നെങ്കിലും അത് നിര്‍ത്തി. ദുബായ്, അബുദാബി, മസ്‌കറ്റ് റൂട്ടുകളില്‍ ഗോ ഫസ്റ്റ് കൂടി സര്‍വീസ് നടത്തിയിരുന്നതു കാരണമാണു നിരക്കില്‍ നേരിയ ആശ്വാസം ലഭിച്ചിരുന്നത്. കണ്ണൂരിനും മുംബൈയ്ക്കും ഇടയിലെ ഏക സര്‍വീസായിരുന്നു ഗോ ഫസ്റ്റിന്റേത്. എയര്‍ ഇന്ത്യ ഡല്‍ഹി സര്‍വീസ് നിര്‍ത്തിയതിനാല്‍ പലരും മുംബൈ വഴിയാണ് ഡല്‍ഹിക്കു പോകുന്നത്.

മെട്രോ നഗരമല്ലെന്ന പേരില്‍ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വിദേശ വിമാന കമ്ബനികളുടെ സര്‍വീസിനുള്ള അനുമതി (പോയിന്റ് ഓഫ് കോള്‍ പദവി) കേന്ദ്രം നിഷേധിച്ചതാണ് വിമാനത്താവളത്തിന് ആദ്യം തിരിച്ചടിയായത്. അതിനു പിന്നാലെയാണ് പുതിയ പ്രതിസന്ധി. വിദേശ കമ്ബനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടും കേന്ദ്രത്തിന്റെ കടുംപിടിത്തം കാരണം വിമാനത്താവളത്തിന്റെ വികസനത്തിന് കരിനിഴല്‍ വീഴ്ത്തിയിരിക്കയാണ്.

2005ല്‍ അഹമ്മദബാദ്- മുംബെ സര്‍വ്വീസോടെയാണ് ഗോ ഫസ്റ്റ് എയര്‍ ലൈന്‍സിനു തുടക്കമാകുന്നത്. കുറഞ്ഞ ചെലവില്‍ വിമാനയാത്ര എന്ന ആശയം കമ്ബനി മുന്നോട്ട് വച്ചതോടെ സര്‍വ്വീസ് ഹിറ്റായി. 2022 ലെ കണക്കനുസരിച്ച്‌ 1.09 കോടി യാത്രക്കാര്‍ ഗോ ഫസ്റ്റിനുണ്ടായിരുന്നു. യു. എസ് കമ്ബനി നിര്‍മ്മിച്ച എന്‍ജിനുകളിലെ തകരാറു കാരണം തങ്ങളുടെ കൈവശമുള്ള 25 വിമാനങ്ങള്‍ പറത്താന്‍ കഴിയാത്ത സാഹചര്യമാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് ഗോ ഫസ്റ്റ് കമ്ബനി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Post a Comment

أحدث أقدم
Join Our Whats App Group