ബെംഗളൂരു: അധികാരം ലഭിച്ചാൽ ബജ്റംഗ്ദളിനെ നിരോധിക്കുമെന്നായിരുന്നു കർണാടകയിൽ കോൺഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്ന്. അന്ന് കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ ബിജെപി രംഗത്തെത്തുകയും തിരഞ്ഞെടുപ്പിൽ വിഷയം ആയുധമാക്കുകയും ചെയ്തിരുന്നു. എന്നാൽ അധികാരത്തിലേറിയതിന് പിന്നാലെ ബജ്റംഗ്ദൾ നിരോധനം വീണ്ടും ചർച്ചയാക്കുകയാണ് കോൺഗ്രസ്. സംസ്ഥാനത്ത് സമാധാനം തകർക്കാൻ ശ്രമിച്ചാൽ ബജ്റംഗ്ദളിനേയും ആർഎസ്എസിനേയും നിരോധിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.
'കർണാടകയെ സ്വർഗം ആക്കുമെന്നതായിരുന്നു ഞങ്ങളുടെ വാഗ്ദാനം. സമാധാനം തകർത്താൽ അത് ബജ്റംഗ്ദൾ ആണെന്നോ ആർഎസ്എസ് ആണെന്നോ നോക്കില്ല. നിയമം കൈയ്യിലെടുത്താൽ തീർച്ചയായും നിരോധനം ഏർപ്പെടുത്തും. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തത് പോലെ, അത് ബജ്റംഗ്ദൾ ആയാലും ആർഎസ്എസ് ആയാലും നിരോധിക്കും. ബിജെപിക്ക് ഇത് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കിൽ അവർ പാക്കിസ്ഥാനിലേക്ക് പോകട്ടെ', പ്രിയങ്ക് ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.
ഹിജാബ്, ഹലാൽ, ഗോവധം തുടങ്ങിയവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കുമെന്നും പ്രിയങ്ക് വ്യക്തമാക്കി. 'ചില ഘടകങ്ങൾ സമൂഹത്തിൽ നിയമത്തെയും പോലീസിനെയും ഭയക്കാതെ സ്വതന്ത്രമായി വിഹരിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഈ പ്രവണത തുടരുന്നുണ്ട്. എന്തുകൊണ്ടാണ് ജനം ബി ജെ പിയെ പ്രതിപക്ഷത്ത് ഇരുത്തിയതെന്ന് അവർ മനസിലാക്കണം. കാവിവത്കരണം തെറ്റാണെന്ന് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്', പ്രിയങ്ക് പറഞ്ഞു.
പോലീസിൽ കാവിവത്കരണം അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രിയും കർണാടക പി സി സി അധ്യക്ഷവുമായ ഡികെ ശിവകുമാറും വ്യക്തമാക്കിയിരുന്നു. കാവി ഷാൾ അണിഞ്ഞ് പോലീസുകാർ ജോലിക്കെത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഡികെയുടെ വിമർശനം.
'പോലീസ് വകുപ്പിനെ കാവിവത്കരിക്കാനാനാണോ നിങ്ങളുടെ ലക്ഷ്യം? ഞങ്ങളുടെ സർക്കാരിന്റെ കാലത്ത് ഇത് അനുവദിക്കില്ല. മംഗലാപുരത്തും ബിജാപൂരിലും ബാഗൽകോട്ടിലും കാവി വസ്ത്രം ധരിച്ച് നിങ്ങൾ വകുപ്പിനെ അപമാനിച്ചതൊക്കെ ഞങ്ങൾക്ക് അറിയാം. രാജ്യത്തോട് ബഹുമാനമുണ്ടെങ്കിൽ ദേശീയപതാകയോട് ചേർന്ന് പ്രവർത്തിക്കണം', പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡികെ ശിവകുമാർ വ്യക്തമാക്കി.
അതേസമയം ഡികെയുടെ പ്രതികരണത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. പോലീസിന്റെ മനോവീര്യം തകർക്കുകയാണ് കോൺഗ്രസ് എന്ന് ബിജെപി കുറ്റപ്പെടുത്തി. 'സർക്കാരുകൾ മാറി മാറി വരും. എന്നാൽ സംസ്ഥാനത്ത് ക്രമസമാധാന നില നിലനിർത്തണം. അതിന് പോലീസിനെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറാകണം. നമ്മുടെ പോലീസ് സംവിധാനം ഒരിക്കലും കാവിവത്കരണം നടത്തിയിട്ടില്ല. കോൺഗ്രസിന്റെ തെറ്റിധാരണ മാത്രമാണിത്. അവരുടെ അജണ്ട നടപ്പിലാക്കാൻ അവർ പോലീസിനെ സംശയിക്കുകയാണ്', മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
إرسال تعليق