ഇരിട്ടി: ഇരിട്ടി കുന്നോത്തുള്ള അറക്കൽ ഏലിയാമ്മ (78) യുടെ വീട്ടിൽ മോഷണം നടത്തിയ കുശാൽനഗർ സ്വദേശിനി ഹോം നേഴ്സ് സീന എന്ന ഇ.ടി ഷൈന ( 42) ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഏലിയാമ്മയുടെ വീട്ടിൽ ഹോംനേഴ്സ് ആയി ജോലി ചെയ്തു വന്നിരുന്ന സീന ഏപ്രിൽ 26ന് ജോലി അവസാനിപ്പിച്ച് പോയതിനുശേഷം അവരുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഏകദേശം നാല് പവന് മുകളിൽ സ്വർണവും പതിനായിരം രൂപയും നഷ്ടപ്പെട്ടതായി മകൾ വിജി ഇരിട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതിക്കാതെ വന്നപ്പോൾ പ്രതിയുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച്പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതി തലശ്ശേരിയിലെ മണവാട്ടി ജ്വല്ലറിയിൽ എത്തിയതായി മനസ്സിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. ഏകദേശം രണ്ടര പവൻ വരുന്ന സ്വർണ്ണമാല ഉരുക്കിയ നിലയിൽ മണവാട്ടി ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു.
അന്വേഷണത്തിന് എസ്.ഐ നിബിൻ, എഎസ്ഐ സജിത്ത്, കോൺസ്റ്റബിൾ മാരായ ബിനീഷ്, ബിജു എന്നിവർ നേതൃത്വം നൽകി. ശനിയാഴ്ച വൈകുന്നേരത്തോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
إرسال تعليق