ഇരിട്ടി: മാരക രോഗം ബാധിച്ച് ചികിത്സയ്ക്കിടയിലും മുടക്കം കൂടാതെ വേദന തിന്നെഴുതിയ വിജയം കാണാതെ വേദനയില്ലാത്ത ലോകത്ത് വിട പറഞ്ഞ കന്ന അനുരഞ്ജിൻ്റെ വിജയ നേട്ടം മാതാപിതാക്കൾക്കും അധ്യാപകർക്കും സഹപാഠികൾക്കും വേദനിപ്പിക്കുന്ന കണ്ണീരോർമ്മകളായി.
അർബ്ബുദ രോഗം ബാധിച്ച് ചികിത്സക്കിടെയാണ് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരുന്ന അനുരഞ്ജ് കഴിഞ്ഞ മെയ് 10നാണ് മരണപ്പെടുന്നത്.
പായം ഗ്രാമീണ ഗ്രന്ഥാലയത്തിനു സമീപം കൈതേരി വീട്ടിൽ പി.വി. മനോജ് കുമാറിൻ്റെയും സഹിതയുടെയും മകനായ അനുരഞ്ജിന് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
തുടർന്ന് ചികിത്സ തുടരുമ്പോഴും അച്ഛൻ്റെ ബൈക്കിൽ സ്ഥിരമായി പ0നം മുടങ്ങാതെ ക്ലാസിലെത്തിയിരുന്ന അനുരഞ്ജ് പത്താം ക്ലാസിലെത്തിയതോടെ രോഗത്തിൻ്റെ മൂർദ്ധന്യാവസ്ഥയിലും വേദന കടിച്ചമർത്തിയാണ് ആ പതിനാലുകാരൻ പoനം തുടർന്നത്.
പരീക്ഷയടുത്തതോടെ രോഗത്തിൻ്റെ കാഠിന്യത്തെ തുടർന്ന് കൂടുതൽ ക്ഷീണിതനായിരുന്നെങ്കിലും പത്താം ക്ലാസ് പരീക്ഷ മുടക്കാതെ പരീക്ഷാഹാളിലെത്തി പരീക്ഷയെഴുതിയിരുന്നു ആ പതിനാലുകാരൻ.
പരീക്ഷയുടെ അവസാന നാളുകളിൽ കനത്ത ചൂടിലും രോഗത്തിൻ്റെ കടുത്ത വേദനക്കിടയിലും കൂടുതൽ ക്ഷീണിതനായെങ്കിലും വിറയ്ക്കുന്ന കൈകളോടെ ഉറച്ച മനസ്സിൽ മുഴുവൻ പരീക്ഷയുമെഴുതിയാണ് അനുരഞ്ജ് വീണ്ടും ആശുപത്രിയിലെത്തിയത്.
ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മെയ് 10ന് മരണപ്പെടുന്നത്.ആശുപത്രിക്കിടക്കയിലിരുന്നും തൻ്റെ വിജയത്തെക്കുറിച്ചും തുടർ പ0നത്തെക്കുറിച്ചും മാതാപിതാക്കളോടും തന്നെ കാണാനെത്തിയ ബന്ധുക്കളോടും ആ ബാലൻ തൻ്റെ സ്വപ്നങ്ങൾ പങ്കുവെച്ചിരുന്നു. വിജയത്തിൻ്റെ പുലരി സ്വപ്നം കണ്ടിരുന്ന അനുരഞ്ജ് അതിനു മുൻപേ യാത്രയായി മരണത്തിൻ്റെ ഇരുണ്ട ലോകത്തേക്ക്.
അയൽവാസികളും സുഹൃത്തുക്കളും അവരുടെ മക്കളുടെ വിജയം ആഘോഷിക്കുമ്പോൾ. വിടരും മുമ്പേ കൊഴിഞ്ഞു പോയ തങ്ങളുടെ മകൻ്റെ വിജയമാഘോഷിക്കാൻ കഴിയാതെ അവൻ്റെ വേർപാടിൽ വിതുമ്പുകയാണ് അനുരഞ്ജിൻ്റെ മാതാപിതാക്കൾ
إرسال تعليق