Join News @ Iritty Whats App Group

താലി കെട്ട് കഴിഞ്ഞ് വരന്‍റെ വീട്ടിലെത്തിയ വധു വിവാഹത്തില്‍ നിന്ന് പിന്മാറി; സംഘര്‍ഷം, കേസ്


തൃശൂര്‍: താലി കെട്ട് കഴിഞ്ഞ് വരന്‍റെ വീട്ടിലെത്തിയ വധു വരന്‍റെ വീട് കണ്ടതോടെ വിവാഹത്തില്‍ നിന്ന് പിന്മാറി. തൃശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് സംഭവം, കുന്നംകുളം തെക്കേപുറത്താണ് വരന്റെ വീട് കാരണം വിവാഹ മുടങ്ങിയത്. താലികെട്ടും മറ്റു ചടങ്ങുകളും കഴിഞ്ഞ് വരന്റെ വീട്ടില്‍ കയറുന്ന ചടങ്ങിനായി വധു വരന്റെ വീട്ടിലെത്തി. വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറുമ്പോഴാണ് വീട് വധുവിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. ഇതോടെ വധു വീട്ടില്‍ കയറുന്ന അരിയും പൂവും എറിഞ്ഞ് സ്വീകരിക്കുന്ന ചടങ്ങിന് മുന്‍പ് തിരികെ ഓടുകയായിരുന്നു. 

ഈ വീട്ടിലേക്ക് താന്‍ വരില്ല എന്നു ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു വധുവിന്‍റെ ഓട്ടം. വധു ഓടുന്നത് കണ്ടു പരിഭ്രമിച്ച ബന്ധുക്കള്‍ പിന്നാലെ ചെന്ന് വധുവിനെ ബലമായി പിടിച്ചു കൊണ്ടുവന്നു. പലരും പല രീതിയിലും ചടങ്ങില്‍ പങ്കെടുക്കാന്‍ വധുവിനോട് ആവശ്യപ്പെട്ടു. ചടങ്ങ് നടന്നതിനുശേഷം പിന്നീട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് വധുവിനോട് പലരും പറഞ്ഞെങ്കിലും വധു തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. അഞ്ച് സെന്‍റ് ഭൂമിയിലാണ് ദിവസ വേതനക്കാരനായ വരന്‍റെ വീട്. ഓടും ഓലയും കൂടാതെ കുറെ ഭാഗങ്ങള്‍ ഷീറ്റും ഒക്കെയായുള്ള വീട്ടില്‍ ഒരു പെണ്‍കുട്ടിക്ക് വേണ്ട മിനിമം സ്വകാര്യതപോലും ലഭിക്കില്ലെന്ന വധുവിന്‍റെ പരാതിയില്‍ വീട്ടുകാര്‍ കൂടി ആശങ്കയിലായതോടെ സംഭവം പൊലീസ് സ്റ്റേഷനിലെത്തി. 

തീരുമാനത്തില്‍ വധു ഉറച്ചു നിന്നതോടെ, വധുവിന്റെ അച്ഛനെയും അമ്മയെയും വിവാഹ മണ്ഡപത്തില്‍നിന്നും വിളിച്ചുവരുത്തി. മകളോട് ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഇവരും ആവശ്യപ്പെട്ടു. വധു സമ്മതിച്ചില്ല. ഇതോടെ പ്രശ്നം സംഘര്‍ഷത്തിലേക്ക് മാറി. വരന്‍റെ ബന്ധുക്കളും വധുവിന്‍റെ ബന്ധുക്കളും തമ്മില്‍ സംഘര്‍ഷാവസ്ഥയിലെത്തി. ഇതിനിടെ വധു വരനെയും വരന്‍ വധുവിനെയും തള്ളി പറഞ്ഞു. പ്രശ്നം കൈവിട്ട് പോവുകയാണെന്ന് മനസ്സിലാക്കിയപ്പോള്‍ നാട്ടുകാരാണ് പൊലീസിനെ വിരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസുകാരും വധുവിനോട് വീട്ടില്‍ കയറണമെന്ന് ആവശ്യപ്പെട്ടിട്ടും വധു വഴങ്ങിയില്ല.

പൊലീസുകാര്‍ ഇടപെട്ട് വധുവിനെ വധുവിന്റെ വീട്ടിലേക്കും വരനെ വരന്റെ വീട്ടിലേക്കും പറഞ്ഞയയ്ക്കുകയായിരുന്നു. കേസിന്‍റെ ചര്‍ച്ച ബുധനാഴ്ച നടക്കുമെന്ന് പൊലീസ് വിശദമാക്കി. ഈ വീട്ടിലാണ് സഹോദരങ്ങളായ ഏഴുപേരുടെയും വിവാഹങ്ങള്‍ നടന്നിട്ടുള്ളതെന്നും അവര്‍ക്ക് ആര്‍ക്കും ഇല്ലാത്ത പ്രശ്‌നമാണ് വധുവിന് ഉള്ളതെന്നുമാണ് വരന്‍റെ ബന്ധുക്കള്‍ വിശദമാക്കുന്നത്. വീട്ടില്‍ ശൗചാലയം ഇല്ലാത്തതിന്റെ പേരില്‍ വിവാഹത്തില്‍നിന്നും യുവതികള്‍ പിന്മാറുന്നതും പിണങ്ങി പോരുന്നതുമായ കാഴ്ചകള്‍ക്കിടെയാണ് തൃശൂരില്‍ വീട് വിവാഹത്തില്‍ വില്ലനായത്.

Post a Comment

أحدث أقدم
Join Our Whats App Group