മൈസൂരുവിലേക്ക് വിനോദയാത്ര പോയി ഗുണ്ടാസംഘം ബന്ദിയാക്കിയ മലപ്പുറം കാളികാവ് സ്വദേശികളായ യുവാക്കളെ പൊലീസ് രക്ഷപെടുത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് യുവാക്കൾ ഗുണ്ടാസംഘത്തിന്റെ പിടിയിലായത്. കാളികാവ് പള്ളിശ്ശേരി സ്വദേശികളായ പി.കെ. ഷറഫുദീൻ, പി.വി. സക്കീർ, സി. ഷറഫുദീൻ, ലബീബ്, പി.കെ. ഫാസിൽ എന്നിവരാണ് മൈസൂരുവിലേക്ക് വിനോദയാത്ര പോയത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മൈസൂരിൽ വൻ തിരക്കായിരുന്നു.
ഭക്ഷണത്തിനും താമസസ്ഥലം കണ്ടെത്താനും ബുദ്ധിമുട്ടിയ ഇവരെ ഒരു ഓട്ടോ ഡ്രൈവർ സഹായിക്കാൻ എത്തി. താമസസ്ഥലവും, ഭക്ഷണവും ഏർപ്പാടാക്കി തരാമെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവർ മൈസൂരു എസ്എസ് നഗറിലെ വാടക ക്വാട്ടേഴ്സിൽ ഇവരെ താമസിപ്പിച്ച് വാതിൽ പുറത്തുനിന്ന് പൂട്ടി. പിന്നീട് മുറിയിലെത്തിയ ഒമ്പതംഗ സംഘം ആക്രമിക്കുകയും, ഭീഷണിപ്പെടുത്തുകയുമായിരുന്നു. വാഹനത്തിൽ കയറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി.
മലയാളി യുവാക്കൾ ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകളും പണവും സംഘം തട്ടിയെടുത്തു. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പണം ഗുണ്ടാസംഘത്തിന്റെ അക്കൗണ്ടിലേക്ക് അയപ്പിച്ചു. രണ്ടര ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ ഗുണ്ടാസംഘം തട്ടിയെടുത്തത്.
വിനോദയാത്ര പോയവർ തുടർച്ചയായി പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കളിക്കാവു പോലീസ് കർണാടക പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറി. തുടർന്ന് നാട്ടിൽ നിന്നും സുഹൃത്തുക്കൾ മൈസൂരിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.
മൈസൂരിലേക്ക് വിനോദയാത്ര പോയി കുടുക്കിലായ മലയാളി യുവാക്കൾ രക്ഷപ്പെട്ടത് അതിസാഹസികമായാണ്.
അക്രമികൾ ഇവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനിടെയാണ് ഇവർ രക്ഷപ്പെട്ടത്. ഞായറാഴ്ച മൈസൂരിൽ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു. മലയാളികൾ സഞ്ചരിച്ച കാറിലും കർണാടക സംഘത്തിന്റെ വാഹനത്തിലുമായാണ് അഞ്ചുപേരെ കത്തി ചൂണ്ടി കൊണ്ടുപോയത്. പ്രധാനമന്ത്രി വരുന്നതുമായി ബന്ധപ്പെട്ട് റോഡിൽ ഗതാഗത തടസ്സം അനുഭവപ്പെട്ട സമയത്ത് പതുക്കെ നീങ്ങുകയായിരുന്ന വാഹനത്തിൽ നിന്നും സക്കീറും ഷറഫുദ്ദീനും കാറിൻറെ വാതിൽ തുറന്ന് പുറത്തേക്ക് ചാടി.
പ്രധാനമന്ത്രിയുടെ സുരക്ഷക്കായി നിയോഗിച്ച സായുധസേനയുടെ മുൻപിലേക്കാണ് ഇവർ ചാടിയത്. സേനാംഗങ്ങൾ ഇവരെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരുടെ കൈവശം തിരിച്ചറിയൽ രേഖകൾ ഒന്നും ഉണ്ടായിരുന്നില്ല. അതേസമയം കേരള പോലീസ് നൽകിയ സന്ദേശം കർണാടക പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കർണാടക പോലീസ് സഹായിച്ചത്.
രണ്ടുപേർ രക്ഷപ്പെട്ടതോടെ പിന്നിലുണ്ടായിരുന്ന വാഹനം വഴി തിരിച്ചു വിട്ടു. മൂന്നു പേരെയും ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ട് കർണാടക സംഘം കടന്നു. ഇവർ പിന്നീട് ബസ്സിൽ കോഴിക്കോട് എത്തി. പോലീസ് കർണാടക പോലീസിനെ അയച്ചുകൊടുത്ത മലയാളിയുടെ ചിത്രവും കേസിൽ നിർണായകമായി. ഗുണ്ടാ സംഘത്തിൽ ഒരാളെ പോലീസ് പിടികൂടിയതോടെ മറ്റു പ്രതികളിലേക്ക് അന്വേഷണം എളുപ്പത്തിൽ എത്തിച്ചേർന്നു. കോഴിക്കോട് എത്തിയ മൂന്ന സംഘത്തെ നിയമനടപടിയുടെ ഭാഗമായി വീണ്ടും മൈസൂരിലേക്ക് കൊണ്ടുപോയി.
إرسال تعليق