Join News @ Iritty Whats App Group

അരിക്കൊമ്പൻ തമിഴ്നാട് വനംവകുപ്പിന്‍റെ വാഹനം തകർത്തു; മേഘമലയിൽ നിരോധനാജ്ഞ

കുമിളി: കാടുകടത്തിയ അരിക്കൊമ്പനെക്കൊണ്ട് പൊറുതിമുട്ടി മേഘമല. പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടശേഷം മേഘമലയിലെത്തിയ അരിക്കൊമ്പന്‍ കൃഷി ഉള്‍പ്പെടെ നശിപ്പിച്ചു. വനം വകുപ്പിന്റെ വാഹനവും തകര്‍ത്തു. ഇതോടെ മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു.

മേഘമലയില്‍ തമ്പടിച്ചിരിക്കുന്ന അരിക്കൊമ്പന്‍ കൃഷിയിടവും തമിഴ്നാട് വനം വകുപ്പിന്റെ വാഹനവും കഴിഞ്ഞദിവസം രാത്രിയിലാണ് തകര്‍ത്തത്. വാഴക്കൃഷി നശിപ്പിക്കാനാണ് കൊമ്പൻ ശ്രമിച്ചത്. വനപാലകര്‍ ആനയെ തുരത്തിയോടിക്കാന്‍ ശ്രമിച്ചു. ഇതോടെ വനംവകുപ്പിന്റെ വാഹനത്തിനു നേരെ തിരിയുകയും തകര്‍ക്കുകയുമായിരുന്നു.

നിലവില്‍ വനപാലകരും നാട്ടുകാരും ചേര്‍ന്ന് തമിഴ്നാട്ടിലെത്തന്നെ വനമേഖലയിലേക്ക് അരിക്കൊമ്പനെ ഓടിച്ചിരിക്കുകയാണ്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മേഘമലയിലെത്തും. തുടര്‍ന്ന് ആനെയ പെരിയാര്‍ കടുവാ സങ്കേതത്തിലേക്കുതന്നെ തിരികെയെത്തിക്കാനായി ശ്രമം നടത്തും. 120 പേരടങ്ങുന്ന സംഘത്തെതമിഴ്നാട് വനംവകുപ്പും അരിക്കൊമ്പനെ തുരത്താനായി നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് ഇന്നു രാവിലെ എട്ടു മണി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

റേഡിയോകോളറിൽ നിന്നുള്ള കൃത്യമായ വിവരം തമിഴ്നാടിന് കൈമാറാന്‍ കേരളത്തിന് സാധിച്ചില്ല. കാലാവസ്ഥാ വ്യതിയാനം മൂലം റേഡിയോ കോളര്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍. ചില സമയങ്ങളില്‍ സിഗ്നലുകള്‍ ലഭിക്കുന്നില്ലെന്ന് വനംവകുപ്പ് തന്നെ പറയുന്നുണ്ട്. മേഘമലയിൽ വിനോദസഞ്ചാരികൾ എത്തുന്നത് വനംവകുപ്പ് നിരോധിച്ചിട്ടുണ്ട്.

മേഘമലയിലും പരിസര പ്രദേശങ്ങളിലും അരീക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്ത് തേനി ജില്ലാ ഫോറസ്റ്റ് ഓഫീസറും തേനി ജില്ലാ പോലീസ് സൂപ്രണ്ടും നേരിട്ട് മേഘമലയിൽ പരിശോധന നടത്തി. മേഘമല പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. വനം വകുപ്പ് വിനോദ സഞ്ചാരികൾ വനമേഖലയിൽ കടക്കുന്നതിന് പൂർണ വിലക്കും ഏർപ്പെടുത്തി കഴിഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group