ഇരിട്ടി: കൃഷിപണിയിലേർപ്പെട്ട വയോധികനു നേരെ കാട്ടുപന്നി അക്രമം. ആറളം ഉരുപ്പുംകുണ്ടിലെ കൊച്ചുവേലിക്കകത്ത് തങ്കച്ചൻ (60) നാണ് കുത്തേറ്റത്. അരയ്ക്ക് താഴെ സാരമായി പരിക്കേറ്റ തങ്കച്ചനെ പ്രഥമചികിത്സക്കായി ആദ്യം എടൂരിലും പിന്നെ ഇരിട്ടിയിലേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കൊളേജിലേക്കു മാറ്റി. അക്രമിച്ച ശേഷം സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന കാട്ടുപന്നിയെ പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിയോടെ വെടിവെച്ചുകൊന്ന ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചു.
വെള്ളിയാഴ്ച്ച രാവി ലെ 11 മണിയോടെയാണ് സംഭവം. ഉരുപ്പുംകുണ്ടിലെ കിഴക്കെ പടവത്ത് കെ.ജെ. ജോസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നെൽകൃഷിക്കായി നിലം ഒരുക്കുകയായിരുന്നു തങ്കച്ചനും മറ്റ് 14 തൊഴിലാളികളും . ആറളം പഞ്ചായത്തിന് അഞ്ചു വർഷത്തേക്ക് പാട്ടത്തിന് നൽകിയതായിരുന്നു കൃഷിയിടം. പണിക്കിടയിൽ കെ.ജെ. ജോസഫിന്റെ വീട്ടിൽ വെള്ളം എടുക്കാൻ പോകുന്നതിനിടയിലാണ് തങ്കച്ചനെ പന്നി അക്രമിച്ചത്. ബഹളം കേട്ട് കൂടെ തൊഴിലെടുക്കുന്ന 13 സ്ത്രീതൊഴിലാളികളും ഒരു പുരുഷതൊഴിലാളിയും ചേർന്ന് പന്നിയെ കല്ലെറിഞ്ഞും മറ്റും ഓടിച്ചു. തങ്കച്ചനെ ആസ്പത്രിയിൽ കൊണ്ടുപോകുന്നതിനിടെ പന്നി ജോസഫിന്റെ വീട്ടിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉണ്ടെന്ന് കണ്ടെത്തി. ഉടൻ തന്നെ ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. രാജേഷിനെ വിവരം അറിയിച്ചു. പ്രസിഡന്റിന്റെ അനുമതിയോടെ ലൈസൻസ് തോക്ക് ഉടമ കീഴ്പ്പള്ളി അത്തിക്കലിലെ കൈപ്പനാനിക്കൽ ബേബി എത്തി പന്നിയെ വെടിവെച്ചിട്ടു. പന്നിക്ക് മൂന്ന് വെടിയേറ്റു. 75 കിലോയിലധികം തൂക്കം വരുന്ന പന്നിയെ സമീപത്ത് തന്നെ കുഴിയെടുത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, സെക്രട്ടറി രശ്മിമോൾ, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ജോസ് അന്ത്യാംകുളം, വെറ്റിനറി ഡോക്ടർ ശീതൾ ഡെമനിക്ക് എന്നിവരും സ്ഥലത്ത് ഉണ്ടായിരുന്നു.
إرسال تعليق