Join News @ Iritty Whats App Group

ഓർത്തഡോക്സ് സഭ പരമാധ്യക്ഷനും കാന്തപുരം എ.പി അബൂബക്കർ മുസല്യാരും കൂടിക്കാഴ്ച നടത്തി;സമുദായങ്ങളെ ‘പരസ്പരം തെറ്റിദ്ധരിപ്പിച്ച് തമ്മിലടിപ്പിക്കാൻ ശ്രമം നടക്കുന്നതായി കൂടിക്കാഴ്ചയിൽ ഇരുവരും പറഞ്ഞു





കോഴിക്കോട്: ഓർത്തോഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ, കാന്തപുരം എ.പി അബൂബക്കർ മുസല്യാരെ സന്ദർശിച്ചു. കാരന്തൂർ മർക്കസിൽ നടന്ന കൂടിക്കാഴ്ചയിൽ നിലവിലെ സാമൂഹിക സാഹചര്യങ്ങൾ ചർച്ചയായി. സമുദായങ്ങളെ ‘പരസ്പരം തെറ്റിദ്ധരിപ്പിച്ച് തമ്മിലടിപ്പിക്കാൻ ശ്രമം നടക്കുന്നതായി കൂടിക്കാഴ്ചയിൽ ഇരുവരും പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ തടയാൻ രംഗത്തിറങ്ങണമെന്നും ഇരുവരും പറഞ്ഞു.

‘സമുദായ നേതൃത്വങ്ങൾക്കിടയിലെ സൗഹാർദ പൂർണ്ണമായ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും മാത്രമേ ഇത്തരം അനൈക്യ ശ്രമങ്ങൾ വിപാടനം ചെയ്യാൻ സാധിക്കുകയുള്ളു. അതിന് അടിവരയിടുന്നതായിരുന്നു കാതോലിക്കാ ബാവയുമായുള്ള സംസാരം. ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ കാലങ്ങളായി നിലനിൽക്കുന്ന ഐക്യവും നന്മയും കൂടുതൽ സജീവമാക്കേണ്ടതുണ്ടെന്നും ജനങ്ങൾ ഇതിനായി രംഗത്തിറങ്ങേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു’- കാന്തപുരം എ.പി അബൂബക്കർ മുസല്യാർ കൂടിക്കാഴ്ചയെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചു.

കാന്തപുരം എ.പി അബൂബക്കർ മുസല്യാരുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

ഓർത്തോഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുമായി ഇന്ന് മർകസിൽ നടന്ന കൂടിക്കാഴ്ച ഹൃദ്യമായിരുന്നു.

വ്യത്യസ്ത സാമുദായിക പശ്ചാത്തലത്തിൽ നിന്നുള്ളവരോടൊപ്പമുള്ള ഇത്തരം സന്ദർഭങ്ങൾ പരസ്പരം അറിയാനും മനസ്സിലാക്കാനും വലിയ അവസരമാണ് നൽകുന്നത്. ഏറെക്കാലമായി വളരെ സൗഹാർദപരമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെങ്കിലും അടുത്തിടെയായി ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങൾ ചില കോണുകളിൽ നിന്നുണ്ടാവുന്നത് നേതൃത്വങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
സമുദായ നേതൃത്വങ്ങൾക്കിടയിലെ സൗഹാർദ പൂർണ്ണമായ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും മാത്രമേ ഇത്തരം അനൈക്യ ശ്രമങ്ങൾ വിപാടനം ചെയ്യാൻ സാധിക്കുകയുള്ളു. അതിന് അടിവരയിടുന്നതായിരുന്നു കാതോലിക്കാ ബാവയുമായുള്ള സംസാരം. ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ കാലങ്ങളായി നിലനിൽക്കുന്ന ഐക്യവും നന്മയും കൂടുതൽ സജീവമാക്കേണ്ടതുണ്ടെന്നും ജനങ്ങൾ ഇതിനായി രംഗത്തിറങ്ങേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

സമൂഹത്തിൽ മദ്യത്തിന്റെയും ലഹരിയുടെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപകമാവുന്നുണ്ട്. സമീപകാലത്ത് കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളുടെയെല്ലാം പ്രധാന പ്രേരകം ലഹരിയാണ്. വിദ്യാർത്ഥികൾ പോലും മാരക ലഹരികൾക്ക് അടിമപ്പെടുന്നു. ലഹരിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ജനങ്ങളെയും വിദ്യാർത്ഥികളെയും ബോധവത്കരിക്കാൻ സംവിധാനങ്ങളുണ്ടാക്കും. ലഹരി എന്ന വിപത്തിനെ തുരത്താൻ അടിയന്തരമായി ഇടപെടേണ്ടതിന്റെ ആവശ്യകത സർക്കാരിനെ ഉണർത്തും.

ഉന്നത വിഭ്യാഭ്യാസ മേഖലയിൽ ഇരു സമുദായങ്ങൾക്കുമുള്ള സംവിധാനങ്ങൾ പരസ്പരം ഉപയോഗപ്പെടുത്തുന്നതിനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സാധാരണക്കാർക്കും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും യോജിച്ച് പ്രവർത്തിക്കും.

ചെറിയ കാര്യങ്ങൾ ഊതിവീർപ്പിച്ചും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചും അനൈക്യമുണ്ടാക്കാൻ ശ്രമിക്കുമ്പോൾ നന്മയുടെ പാഠങ്ങൾ വിളംബരം ചെയ്യാൻ മതനേതൃത്വം മുന്നിൽ നിൽക്കണം. മതങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പരസ്പരം അടുത്തറിയാനും മനസ്സിലാക്കാനുമുള്ള സാഹചര്യങ്ങളും വേദികളും ഒരുക്കുന്നത് പരസ്പര ധാരണയെയും വിശ്വാസ്യതയേയും ബലപ്പെടുത്തും. സാമൂഹ്യ അഭിവൃദ്ധിക്കായി ഭാവിയിൽ സഹകരിച്ച് പ്രവർത്തിക്കാമെന്ന പ്രതീക്ഷ നൽകുന്നതായിരുന്നു ഈ കൂടിക്കാഴ്ച

Post a Comment

أحدث أقدم
Join Our Whats App Group