Join News @ Iritty Whats App Group

പ്രാക്കൂഴത്തിനുള്ള അവലുമായി സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

ഇരിട്ടി : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ നാൾ കുറിക്കയുന്ന ചടങ്ങായ പ്രാക്കൂഴത്തിനുള്ള അവിലളവിനുള്ള അവലുമായി കാക്കയങ്ങാട് പാല പുല്ലാഞ്ഞിയോട്ടെ നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിന്നുമുള്ള സംഘം ഇക്കരെ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. എം. പ്രഭാകരൻ, എം. ബാലകൃഷ്ണൻ, കെ.പി. ശ്രീജിത്ത്, രാമകൃഷ്ണൻ, വിവേക് എന്നിവരടങ്ങുന്ന സംഘമാണ് അവിലെഴുന്നള്ളിച്ച് വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ കാൽനടയായി കൊട്ടിയൂരിലേക്കു പുറപ്പെട്ടത്. സന്ധ്യയോടെ മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിലെത്തിച്ചേരുന്ന സംഘം അവിടെ വിശ്രമിച്ചശേഷം ശനിയാഴ്ച പുലർച്ചെ പുറപ്പെട്ട് കാലത്ത് 8 മണിയോടെ കൊട്ടിയൂരിൽ എത്തിച്ചേരും. ഇതിനു ശേഷമാണ് പ്രക്കൂഴം ചടങ്ങുകൾ ആരംഭിക്കുക.  
28 വർഷത്തോളമായി നരഹരിപ്പറമ്പ് നരസമിഹ മൂർത്തി ക്ഷേത്രത്തിൽ നിന്നാണ് കൊട്ടിയൂരിലെ പ്രക്കൂഴം ചടങ്ങിനുള്ള അവൽ എത്തിക്കുന്നത്. വ്രതം നോറ്റ പതിനേഴ് സ്ത്രീകളാണ് അവൽ തയ്യാറാക്കുന്നത്. പാരമ്പര്യ രീതിയിൽ കളത്തിൽ വറുത്തെടുക്കുന്ന നെല്ല് ഉരലിൽ ഇടിച്ചെടുത്താണ് അവൽ തയ്യാറാക്കുക. ഇതിന് തെയ്യാറാകുന്ന സ്ത്രീകളെല്ലാം അന്പത് വയസ്സിലേറെ പ്രായമുള്ളവരാണ്. 
ഭക്തി നിർഭരമായ അന്തരീക്ഷത്തിലാണ് നരസിംഹ മൂർത്തി ക്ഷേത്രത്തിൽ നിന്നുമുള്ള അവൾ എഴുന്നള്ളത്ത് നടന്നത്. നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുക്കാനെത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയും ചടങ്ങിൽ പങ്കെടുത്തു. വർഷങ്ങളായി നെല്ലിടിച്ച് അവൽ തയ്യാറാക്കുന്ന സംഘത്തിലെ ഏറ്റവും പ്രായമേറിയ കാപ്പാടൻ ജാനകി അമ്മയേയും, അവൽ കൊണ്ടുപോകുന്ന എം. പ്രഭാകരനേയും ക്ഷേത്ര നടയിൽ നടന്ന ചടങ്ങിൽ വത്സൻ തില്ലങ്കേരി ആദരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group