കൊച്ചി: ഇതര സംസ്ഥാന ലോട്ടറി വിതരണക്കാരൻ സാന്‍റിയാഗോ മാർട്ടിൻ കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരായി. സാന്‍റിയാഗോ മാർട്ടിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിയുളള 457 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാന്‍റിയാഗോ മാർട്ടിൻ കൊച്ചിയിലെ ഇ ഡി ഓഫീസിൽ എത്തിയത്. കൊച്ചി ഇ ഡി ഓഫീസിലെത്തിയ സാന്‍റിയാഗോ മാർട്ടിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുകയാണ്. സിക്കിം സംസ്ഥാന ലോട്ടറിയുടെ മറവിൽ കോടികളുടെ കളളപ്പണ ഇടപാട് നടത്തിയെന്നാണ് ആരോപണം. സാന്‍റിയാഗോ മാർട്ടിന്‍റെ ചെന്നെയിലേയും കോയമ്പത്തൂരിലെയും സ്ഥാപനങ്ങളിലും വീടുകളിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു.
ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്ത 457 കോടി രൂപയുടെ കള്ളപ്പണം കേരളത്തിലെ സാധാരണക്കാരുടെതാണെന്നും സിപിഎമ്മിന്റെ സഹായത്തോടെയാണ് മാര്‍ട്ടിന്‍ ഈ പണം ഇവിടെനിന്ന് കടത്തിയതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അഭിപ്രായപ്പെട്ടിരുന്നു. കേരളത്തില്‍നിന്ന് 80,000 കോടി രൂപ മാര്‍ട്ടിന്‍ കൊണ്ടുപോയിട്ടുണ്ടെന്ന വിഎസ് അച്യുതാനന്ദന്റെ പ്രസ്താവന ശരിയാണെങ്കില്‍ ഇത് ആ തുകയുടെ ചെറിയൊരംശം മാത്രമാണ്. മാര്‍ട്ടിന് കേരളത്തില്‍ വളരാനുള്ള എല്ലാ സാഹചര്യവും ഒരുക്കി പരസ്പര സഹായസംഘമായാണ് ഇരുവരും പ്രവര്‍ത്തിച്ചത്. പാര്‍ട്ടിയുടെ മുഖപത്രമായ ദേശാഭിമാനിക്ക് മാര്‍ട്ടിന്‍ 2 കോടി രൂപ നല്കിയപ്പോള്‍ മാര്‍ട്ടിന്റെ സിക്കിം ലോട്ടറിയുടെ നറുക്കെടുപ്പിന്റെ സജീവ സംപ്രക്ഷണം നടത്തിയിരുന്നത് പാര്‍ട്ടി ചാനലായ കൈരളിയില്‍ മാത്രമായിരുന്നു. അന്നത് വിവാദമായപ്പോള്‍ ദേശാഭിമാനിയുടെ ജനറല്‍ മാനേജരായിരുന്ന ഇപി ജയരാജന്റെ സ്ഥാനം തെറിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മാര്‍ട്ടിനെ കേരളത്തില്‍നിന്നു കെട്ടുകെട്ടിച്ചശേഷവും 2018 ഏപ്രില്‍ 18ന് മാര്‍ട്ടിന്റെ പരസ്യം ദേശാഭിമാനിയില്‍ പ്രത്യക്ഷപ്പെട്ടെന്നും സുധാകരൻ ചൂണ്ടികാട്ടിയിരുന്നു.
അന്യസംസ്ഥാന ലോട്ടറിക്ക് അനുകൂലമായ കോടതിവിധി 2021ല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇപ്പോള്‍ വീണ്ടും അന്യസംസ്ഥാന ലോട്ടറി സംസ്ഥാനത്തു വില്ക്കാന്‍ തകൃതിയായ തയാറെടുപ്പുകള്‍ നടക്കുന്നു. സിപിഎം ഭരണം ഇതിന് അനകൂലമായ അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്. സമ്മാനങ്ങള്‍ കുറച്ച് കേരള ലോട്ടറിയെ അനാകര്‍ഷകമാക്കിയും ഏജന്റുമാരുടെ കമ്മീഷന്‍ കുറച്ചും അന്യസംസ്ഥാന ലോട്ടറിക്ക് ചുവന്നപരവതാനി വിരിച്ചു കഴിഞ്ഞു. കേരള ലോട്ടറി ഇപ്പോള്‍ നിയന്ത്രിക്കുന്ന വന്‍കിട കച്ചവടക്കാര്‍ക്കും മാര്‍ട്ടിനുമായി അടുത്ത ബന്ധമുണ്ടെന്നും സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു.
إرسال تعليق