Join News @ Iritty Whats App Group

ദേശീയപാതയിലെ കുരുക്കില്‍ 4 മിനിറ്റ് വൈകി; കണ്ണൂരിൽ വിദ്യാര്‍ഥിനിക്ക് നീറ്റ് എഴുതാനായില്ല

ദേശീയപാതയിലെ ഗതാഗതകുരുക്കില്‍പ്പെട്ട് പരീക്ഷാകേന്ദ്രത്തില്‍ 4 മിനിറ്റ് വൈകിയെത്തിയ വിദ്യാര്‍ഥിനിക്ക് നീറ്റ് പരീക്ഷ എഴുതാനായില്ല. കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി സ്വദേശി നയന ജോര്‍ജിനാണ് അവസരം നഷ്ടമായത്. പയ്യന്നൂര്‍ പെരുമ്പ ലത്തീഫിയ ഇംഗ്ലീഷ് സ്കൂളിലായിരുന്നു നയനയുടെ പരീക്ഷാകേന്ദ്രം. ഉച്ചയ്ക്ക് 1.30ക്കകമാണ് പരീക്ഷാ ഹാളില്‍ എത്തേണ്ടതെങ്കിലും രക്ഷിതാക്കള്‍ക്കൊപ്പം രാവിലെ 9 തന്നെ ഇവര്‍ വീട്ടിൽനിന്നിറങ്ങി. കുട്ടിയുടെ അച്ഛന്‍ ജോർജാണ് വാഹനം ഡ്രൈവ് ചെയ്തത്. 62 കിലോമീറ്റർ 2 മണിക്കൂര്‍ കൊണ്ട് ഓടിയെത്തി 11നു പയ്യന്നൂരിലെത്തി ഭക്ഷണം കഴിച്ചു പരീക്ഷാഹാളിൽ കയറാമെന്ന പ്രതീക്ഷയിൽ രാവിലെ വീട്ടിൽനിന്ന് ഒന്നും കഴിക്കാതെയാണ് കുടുംബം പുറപ്പെട്ടത്.

ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന കണ്ണൂർ ചാല വരെ കൃത്യസമയത്തെത്തി. എന്നാല്‍ പിന്നീടങ്ങോട്ട് ഗതാഗതക്കുരുക്ക് യാത്രയ്ക്ക് വില്ലനായെത്തി. ഇവിടെനിന്ന് പരീക്ഷാകേന്ദ്രം വരെ 46.3 കിലോമീറ്റർ ദൂരമാണുണ്ടായിരുന്നത്. കണ്ണൂരും പള്ളിക്കുന്നും പുതിയതെരുവുമൊക്കെയുള്ള കുരുക്കിൽപെട്ട് 12 മണിയോടെ ഏഴിലോട്ട് എത്തിയപ്പോൾ ഗതാഗത കുരുക്ക് രൂക്ഷമായി. എടാട്ട് കണ്ടെയ്നർ ലോറി റോഡിന് കുറുകെ കുടുങ്ങിയതായിരുന്നു കാരണം.

സമയം 12.45 ആയതോടെ പരീക്ഷാകേന്ദ്രത്തിലെത്താന്‍ വെറെ വഴിയില്ലാതെ അമ്മയും മകളും കാറിൽനിന്നിറങ്ങി ഒരു കിലോമീറ്ററിലധികം ഓടി. അമ്മയുടെയും മകളുടെയും സങ്കടം കണ്ട് റോഡിലുണ്ടായിരുന്നവർ കുട്ടിയെ ഒരു സ്കൂട്ടറിൽ കയറ്റിവിട്ടു. അമ്മ പിന്നാലെയോടി. എന്നാല്‍ നയന സ്കൂളിലെത്തുമ്പോൾ സമയം 1.34 ആയിരുന്നു. നാലു മിനിറ്റ് മുൻപ് ഗേറ്റ് അടച്ചു. പിന്നാലെ ഓടിയെത്തിയ അമ്മ ഗേറ്റിനു മുന്നിൽനിന്നു പൊട്ടിക്കരയുന്ന മകളെ കണ്ടു തളർന്നുവീണു. അവസാനം കാറുമായെത്തിയ ജോർജ് മകളെ ആശ്വസിപ്പിച്ചശേഷം ഭാര്യയെ ആശുപത്രിയിൽ എത്തിച്ചു. ഒരു വര്‍ഷത്തോളം നീണ്ട പരിശീലനം നടത്തിയെങ്കിലും പരീക്ഷ എഴുതാന്‍ കഴിയാതെ വന്ന നിരാശയുമായാണ് നയന മടങ്ങിയത്.

Post a Comment

أحدث أقدم
Join Our Whats App Group