ചിക്കമംഗളൂരു: ബജ്റംഗ് ദള്‍ പ്രവർത്തകനെ റോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ച് 30 അംഗ സംഘം. മുസ്‍ലിം യുവതിയുമായുള്ള സൗഹൃദത്തിന്‍റെ പേരിലാണ് യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. അജിത്ത് എന്ന യുവാവിനെയാണ് സംഘം ആക്രമിച്ചത്. അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുടിഗെരെ താലൂക്കിലെ ബണക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്.
യുവതിക്കൊപ്പം പോകുമ്പോള്‍ ഒരു സംഘമെത്തി അജിത്തിനെ ആക്രമിക്കുകയായിരുന്നു. റോഡിലൂടെ വലിച്ചിഴച്ചുവെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. യുവതിയാണ് സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്. മുടിഗെരെയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അജിത്ത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും കർശന താക്കീത് നല്‍കിയതിന് ശേഷവും സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ സദാചാര പൊലീസ് ആക്രമണമാണിത്. മെയ് 24 ന് ചിക്കബല്ലാപ്പൂർ ജില്ലയിലും സദാചാര പൊലീസ് ആക്രമണം നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
إرسال تعليق